Sports
ലൊസാഞ്ചലസ്: ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഗോൾ നേടിയതിന് പിന്നാലെ ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹൈബി നടത്തിയ ആഘോഷപ്രകടനം വിവാദത്തിൽ. മത്സരത്തിന്റെ 64-ാം മിനിറ്റിൽ ഇറാനായി രണ്ടാം ഗോൾ നേടിയ ശേഷമായിരുന്നു താരത്തിന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റം.
ഗോൾ നേട്ടം ആഘോഷിക്കുന്നതിനിടെ കൈകൾ കൊണ്ട് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിൽ താരം ആംഗ്യം കാണിക്കുകയായിരുന്നു. കായികരംഗത്തെ ധാർമ്മികതയ്ക്ക് നിരക്കാത്ത രീതിയിലുള്ള മൊഹെബിയുടെ ഈ ഗൺഫയർ പ്രകടനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
എന്നാൽ വിവാദ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മൊഹെബിയെ ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ യുറുഗ്വേയെ 1-1 എന്ന സ്കോറിൽ സമനിലയിൽ തളച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ യുറുഗ്വേ തികഞ്ഞ മേധാവിത്വം പുലർത്തിയെങ്കിലും, കളിയുടെ ഗതിക്ക് വിപരീതമായി മത്സരത്തിൽ 41-ാം മിനിറ്റിൽ ഗോൾ നേടി സൗദി അറേബ്യയാണ് ആദ്യം മുന്നിലെത്തിയത്.
സെറ്റ് പീസിൽ നിന്ന് അബ്ദുല്ലെലാ അൽ അമ്രി നേടിയ ഗോളിൽ ഒന്നാം പകുതിയിൽ സൗദി ലീഡ് നിലനിർത്തി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ യുറുഗ്വേ മറുപടി ഗോൾ കണ്ടെത്തിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കടുത്ത സമ്മർദ ഘട്ടത്തിലും യുറുഗ്വേയുടെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ അറബ് കരുത്തർക്ക് സാധിച്ചു.
Sports
സീറ്റിൽ: പകരക്കാരനായി ഇറങ്ങി സെക്കൻഡുകൾക്കകം മാന്ത്രിക സ്പർശവുമായി റോമേലു ലുകാകു തിളങ്ങിയപ്പോൾ, ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഈജിപ്തിനെ 1-1 ന് സമനിലയിൽ തളച്ച് ബെൽജിയം. ആദ്യ പകുതിയിൽ തകർപ്പൻ ഗോളുമായി മുന്നിലെത്തിയ ഈജിപ്തിന്, രണ്ടാം പകുതിയിൽ വഴങ്ങേണ്ടി വന്ന സെൽഫ് ഗോളാണ് തിരിച്ചടിയായത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമെന്ന ഈജിപ്തിന്റെ കാത്തിരിപ്പ് വീണ്ടും നീളും.
സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 19-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്ന് ഇമാം അഷോറാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്തുനിന്ന് അഷൂർ തൊടുത്ത ലോംഗ് റേഞ്ചർ ബെൽജിയം ഗോളി തിബോ കോർട്ടോയെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഈജിപ്ഷ്യൻ പ്രതിരോധത്തിന് മുന്നിൽ കെവിൻ ഡി ബ്രൂയ്നെ നയിച്ച ബെൽജിയം നിരയ്ക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 65-ാം മിനിറ്റിൽ ചാൾസ് ഡി കെറ്റെലെയറിന് പകരം കോച്ച് റോമേലു ലുകാകുവിനെ മൈതാനത്തിറക്കി. താരം കളത്തിൽ ഇറങ്ങി വെറും 22 സെക്കൻഡുകൾക്കകം ബെൽജിയം സമനില ഗോൾ കണ്ടെത്തി. തോമസ് മ്യൂനിയർ ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് സ്വീകരിക്കാൻ ലുകാകു നടത്തിയ മുന്നേറ്റം ഈജിപ്ത് പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. ലുകാകുവിനെ തടയാനുള്ള ശ്രമത്തിനിടയിൽ ഈജിപ്ഷ്യൻ ഡിഫെൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.
അവസാന മിനിറ്റുകളിൽ ഇരുടീമുകൾക്കും വിജയഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിമാരുടെ മികച്ച പ്രകടനം സ്കോർ ബോർഡ് 1-1 ൽ ഒതുക്കി.
Sports
ഫിഫ ലോകകപ്പില്‍ കളിക്കുക, ഗോള്‍ നേടുക, ജയിക്കുക... ഏതൊരു രാജ്യത്തിനും ആരാധകര്‍ക്കും ഈ സ്വപ്നങ്ങളുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള ഇന്ത്യ ഇന്നും ആസ്വപ്നത്തില്നിന്ന് ഏറെ അകലെ.
1973ല്‍ ചരിത്രത്തില്‍ ആദ്യമായി കേരളം സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍, ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന എനിക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഫിഫ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ, ഏറ്റവും കുഞ്ഞന്‍ രാജ്യമായ കുറസാവോയുടെ ടീമിനും ആരാധകര്‍ക്കും ആ രാജ്യത്തിന്റെ കന്നിഗോള്‍ നേടിയ ലിവാനോ കൊമെനെന്സിയയ്ക്കും എത്രമാത്രം സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കും.
കാരണം, അവര്‍ ഫിഫ 2026 ലോകകപ്പിലൂടെ ലോക കാല്‍പ്പന്ത് പോരാട്ടത്തില്‍ അരങ്ങേറ്റം നടത്തി. നാലു തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ, മത്സരത്തിന്റെ രണ്ട് ഘട്ടത്തിലായി 17 മിനിറ്റ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ആദ്യ അഞ്ച് മിനിറ്റും തുടര്‍ന്ന് 22 മുതല്‍ 38വരെയും. 38-ാം മിനിറ്റിലായിരുന്നു ജർമനിയുടെ രണ്ടാം ഗോൾ.
ഗ്രൂപ്പ് ഇയില്‍ ജര്‍മനിയോട് 7-1ന്റെ ദയനീയ തോല്‍വി കുറസാവോ വഴങ്ങി. ആറാം മിനിറ്റിൽ ജര്‍മനിയുടെ ആദ്യ ഗോള്‍ നേടി. 21-ാം മിനിറ്റില്‍ ലിവാനോ കൊമെനെന്‍സിയയിലൂടെ കുറസാവോ സമനില ഗോള്‍ സ്വന്തമാക്കി; കുറസാവോയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ എന്ന ചരിത്രമുഹൂര്‍ത്തം 22കാരനായ ലിവാനോയെ കാത്തിരിക്കുകയായിരുന്നു എന്നും പറയാം. ഏതൊരു കളിക്കാരനും സ്വപ്നം കാണുന്ന മുഹൂര്‍ത്തം. മത്സരത്തില്‍ പിന്നീട് കുറസാവോ രണ്ടാമതും ജർമൻ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
വെറും 1.5 ലക്ഷം ആളുകള്‍ മാത്രമുള്ള രാജ്യമാണ് കുറസാവോ. എന്നിട്ടും അവര്‍ ഫിഫ ലോകകപ്പ് ചരിത്രത്താളില്‍ തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ചു. ഫിഫ ലോകകപ്പില്‍ മത്സരിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവും, കേരളത്തിലെ കുഞ്ഞന്‍ ജില്ലയായ ആലപ്പുഴയുടെ മൂന്നില്‍ ഒന്നു വലുപ്പമുള്ള കുറസാവോയ്ക്കു സ്വന്തം.
Sports
ഫിഫ ലോകകപ്പിലേക്ക് ആദ്യമായി എത്തിയ കുറസാവോയെ 'നടയടി നല്കി' ജര്‍മനി സ്വീകരിച്ചു.
കുറസാവോയുടെ ഫിഫ ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ ദയയില്ലാതെ ഗോള്‍ അടിച്ചുകയറ്റി, ജര്‍മനി 7-1ന്റെ ജയം നേടി. മത്സരശേഷം ഇരുടീമംഗങ്ങളും ആശ്ലേഷിച്ചു.
എന്നാല്‍, കുറസാവോ കളിക്കാര്‍ മൈതാനമധ്യത്തില്‍ വൃത്താകൃതിയില്‍ ഒത്തുകൂടിയപ്പോള്‍ ജര്‍മനിയുടെ ജോനാഥന് താഹ്, ഫിലിക്സ് മെച്ച എന്നിവര്‍ അവര്‍ക്കൊപ്പം ചേര്‍ന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.
കളിക്കളത്തില്‍ എതിരാളികളായിരിക്കാം എന്നാല്‍, അതിനുശേഷം നമ്മളെല്ലാം സഹോദരങ്ങളാണെന്നായിരുന്നു മെച്ച പിന്നീടു നടത്തിയ പ്രതികരണം.
Sports
ഗോള്‍ വലയ്ക്കു മുന്നില്‍ സീയോന് സുസുക്കിയുടെ ഉജ്വല പ്രകടനമാണ് നെതര്‍ലന്‍ഡ്സിനെ 2-2 സമനിലയില്‍ തളയ്ക്കാന്‍ ജപ്പാനെ സഹായിച്ചത്. മത്സരത്തില്‍ അത്യുജ്വല നാല് സേവുകള്‍ സുസുക്കി നടത്തി.
ഡച്ച് സംഘത്തിന്റെ നിരന്തര ആക്രമണം പ്രതിരോധിച്ച സുസുക്കി, ഡോണേല്‍ മാലെന്, കോഡി ഗാക്പോ, യാന്‍ പോള്‍ വാന്‍ ഹെക്കെ എന്നിവരുടെ ഉറച്ച ഗോള്‍ ശ്രമങ്ങള്‍ നിര്‍ജീവമാക്കി.
51-ാം മിനിറ്റിലാണ് മത്സരത്തില്‍ സുസുക്കി ആദ്യ ഗോള്‍ വഴങ്ങിയത്. സുസുക്കിയുടെ പാസിംഗ് കൃത്യത 75 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയം.
സുസുക്കിയുടെ മിന്നും രക്ഷപ്പെടുത്തല്‍ നെതര്‍ലന്‍ഡിനെ സമനിലയില്‍ പൂട്ടി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ ലീഡ് നേടിയശേഷം നെതര്‍ലന്‍ഡ്സ് സമനില വഴങ്ങിയത് ആദ്യം.
Sports
സീറ്റിൽ: ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ജി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ബെൽജിയത്തെ ഞെട്ടിച്ച് ഈജിപ്റ്റ് മുന്നിൽ. സൂപ്പർ താരം മുഹമ്മദ് സലായുടെ കൃത്യതയാർന്ന അസിസ്റ്റിൽ നിന്ന് ഇമാം അഷോർ ആണ് ഈജിപ്റ്റിനായി വലകുലുക്കിയത്.
സീറ്റിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ ഈജിപ്റ്റ് 1-0 ന് മുന്നിലാണ്. ബെൽജിയത്തിന്റെ ശക്തമായ പ്രതിരോധ നിരയെ ഭേദിച്ചുകൊണ്ട് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ ഈജിപ്റ്റിന് സാധിച്ചു. സൂപ്പർ താരം റോമേലു ലുകാകു നിലവിൽ ബെൽജിയത്തിന്റെ പകരക്കാരുടെ നിരയിലാണ്.
Sports
ഡാലസ്: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ ഞെട്ടിച്ച് ജപ്പാൻ. ആവേശപ്പോരാട്ടത്തിൽ ഡച്ച് പടയെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചാണ് ജപ്പാൻ തങ്ങളുടെ വരവറിയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിലാണ് കാണികളെ ആവേശത്തിലാഴ്ത്തിയ നാല് ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ 59 ശതമാനം പന്തടക്കവുമായി നെതർലൻഡ്സ് തന്നെയാണ് കളം നിറഞ്ഞത്. ഡോണിയൽ മലനിലൂടെ ഡച്ച് പട രണ്ടു മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ജപ്പാൻ പ്രതിരോധം കോട്ട കാത്തു.
എന്നാൽ 50-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ ഫ്രീക്കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹെഡ് ചെയ്ത് പ്രതിരോധ താരം വിർജിൽ വാൻ ഡിക്ക് നെതർലൻഡ്സിന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ ആ ഗോൾ ആഘോഷം നീണ്ടുനിന്നത് ഏഴു മിനിറ്റ് മാത്രമായിരുന്നു.
57-ാം മിനിറ്റിൽ ടാകെഫുസ കുബോ ഡച്ച് ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് കെയ്റ്റോ നകാമുറ ജപ്പാന്റെ സമനില ഗോൾ നേടി. തുടർന്ന് കളി വീണ്ടും മുറുകിയതോടെ 64-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ അസിസ്റ്റിൽ നിന്ന് ഒരു കിടിലൻ ഇടതു കാൽ വോളിയിലൂടെ ക്രൈസൻസിയോ സമ്മർവിൽ നെതർലൻഡ്സിനെ വീണ്ടും മുന്നിലെത്തിച്ചു.
ഡച്ചുകാർ വിജയം ഉറപ്പിച്ചു എന്ന് തോന്നിച്ച നിമിഷത്തിലാണ് ജപ്പാന്റെ അടുത്ത പ്രഹരമെത്തിയത്. മത്സരം അവസാനിക്കാൻ വെറും രണ്ട് മിനിറ്റ് ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഡൈച്ചി കമദ ജപ്പാന്റെ രക്ഷകനായി അവതരിച്ചു. ബോക്സിലെ പിഴവുകൾ മുതലെടുത്ത് കമദ പന്ത് വലയിലെത്തിച്ചതോടെ ജപ്പാൻ അർഹിച്ച സമനിലയുമായി കളംവിട്ടു.
Sports
ന്യൂയോർക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ ജർമനിയുടെ സ്ഫോടനാത്മക തുടക്കം. ഗ്രൂപ്പ് ഇയിൽ കുഞ്ഞന്മാരായ കുറസാവൊയെ ഒന്നിന് എതിരേ ഏഴ് ഗോളിന് ജർമനി തകർത്തെറിഞ്ഞു.
ആറാം മിനിറ്റിൽ ഫിലിക്സ് മെച്ചയിലൂടെ തുടങ്ങിയ ജർമൻ ഗോൾവേട്ടയ്ക്ക് അവസാനം കുറിച്ചത് കായ് ഹവേർട്ട്സ് ആയിരുന്നു. ഹവേർട്ട്സ് (45+5 പെനാൽറ്റി, 88) ഇരട്ടഗോൾ സ്വന്തമാക്കി.
നിക്കോ ഷോൽട്ടർബർഗ് (38), യമാൽ മുസിയാല (47), നഥാനിയേൽ ബ്രൗണ്‍ (68), ഡെനിസ് ഉണ്‍ഡവ് (78) എന്നിവരും ജർമനിക്കായി വലകുലുക്കി.
കന്നിക്കാരായി ലോകകപ്പ് വേദിയിൽ എത്തിയ കുറസാവൊയ്ക്കു വേണ്ടി ലിവാനൊ കൊമെനെർ (21) ആശ്വാസ ഗോൾ നേടി. ഫിഫ ലോകകപ്പിൽ കുറസാവൊയുടെ കന്നി മത്സരത്തിൽ രാജ്യത്തിന്റെ ആദ്യ ഗോളിനുടമയായി ലിവാനൊ.
ബ്രസീൽ 1-1ന് മൊറോക്കോയുമായി സമനിലയിൽ പിരിഞ്ഞതിനുശേഷമാണ് ജർമനിയുടെ കരുത്തറിയിച്ചുള്ള വന്പൻജയം. വിനീഷ്യസ് ജൂണിയറിന്റെ ഗോളായിരുന്നു ബ്രസീലിനു സമനില സമ്മാനിച്ചത്.
ഇന്നു നടക്കുന്ന മത്സരങ്ങളിൽ സ്പെയിൻ, ബെൽജിയം ടീമുകൾ കളത്തിലെത്തും. ഇന്ത്യൻ സമയം രാത്രി 9.30ന് കേപ് വെർദെയ്ക്ക് എതിരേയാണ് സ്പെയിൻ ഇറങ്ങുന്നത്.
Sports
അറ്റ്ലാന്റ: ബ്രസീല്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കു പിന്നാലെ സ്പെയിനും ബെല്‍ജിയവും ഫിഫ 2026 ലോകകപ്പ് കളത്തിലേക്ക്.
ലാ റോജ എന്നറിയപ്പെടുന്ന, 2010 ലോകകപ്പ് ജേതാക്കളായ സ്പെയിന് ഗ്രൂപ്പ് എച്ചില് തങ്ങളുടെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന കൗമാര സൂപ്പര്‍ താരം ലാമിന് യമാല്‍ കളത്തിലേക്കു തിരിച്ചെത്തുമോ എന്നതാണ് സ്പെയിന് ഇറങ്ങുമ്പോഴുള്ള സുപ്രധാന ചോദ്യം. പരിക്കില്‍നിന്നു മുക്തനായ യമാല്‍, ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
അര്‍ധരാത്രി 12.30ന് വാഷിംഗ്ടണില്‍ നടക്കുന്ന മത്സരത്തില്‍ കെവിന് ഡി ബ്രൂയിന്റെ ബെല്‍ജിയം മുഹമ്മദ് സലയുടെ ഈജിപ്തിനെ നേരിടും. ഗ്രൂപ്പ് ജിയിലെ ചാമ്പ്യനെ നിശ്ചയിക്കുന്ന പോരാട്ടമാകുമോ ഇതെന്നതാണ് കണ്ടറിയേണ്ടത്.
Sports
ടെക്സസ്: ഫിഫ ചരിത്ര മുഹൂര്‍ത്തം; ഫിഫ ലോകകപ്പ് ഫുട്ബോള്‍ കളത്തില്‍ മലയാളി സാന്നിധ്യം. അതെ, ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ലോകകപ്പ് മൈതാനത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് എതിരേ ഖത്തര്‍ ഇറങ്ങിയപ്പോള്‍ ടീം പട്ടികയില്‍ കണ്ണൂര്‍ സ്വദേശിയായ തഹ്സിന് മുഹമ്മദ് ജംഷിദ് ഇടംപിടിച്ചു.
23-ാം ജഴ്സിക്കാരനായാണ് ഖത്തറിനായി തഹ്സിന് മൈതാനത്ത് എത്തിയത്. തലശേരി സ്വദേശിയായ ജംഷിദിന്റേയും വളപട്ടണത്തുകാരിയായ ഷൈമയുടെയും മകനാണ് തഹ്സിന് മുഹമ്മദ്.
ലെഫ്റ്റ് വിംഗറായ തഹ്സിന് അണ്ടര്‍ 16 തലം മുതല്‍ ഖത്തര്‍ ടീമിന്റെ ഭാഗമാണ്. ഖത്തറിലെ ആസ്പിയര്‍ ഫുട്ബോള്‍ അക്കാദമിയില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജനാണ് തഹ്സിന്.
കേരള കാൽപ്പന്ത് പ്രേമികൾക്ക് ഈ രാത്രിയിൽ ജർമൻ, ഡച്ച് വിരുന്ന്. ഗ്രൂപ്പ് ഇയിൽ കന്നിക്കാരായ കുറസാവോയെ ജർമനി നേരിടും. ഇന്ത്യൻ സമയം രാത്രി 10.30നാണ് കിക്കോഫ്.
നാളെ പുലർച്ചെ 1.30ന് ഏഷ്യൻ കരുത്തുമായി ജപ്പാൻ, നെതർലൻഡ്സിനോട് ഏറ്റുമുട്ടും.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിക്കാന്‍ അവസരം കിട്ടിയ കാനഡയ്ക്ക്, കന്നിപ്പോയിന്റും. ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗൊവിനയെ 1-1 സമനിലയില്‍ തളച്ച് കാനഡ ഒരു പോയിന്റ് സ്വന്തമാക്കി.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ കന്നിപ്പോയിന്റ് നേട്ടം. മൂന്നാം തവണയാണ് കാനഡ ലോകകപ്പ് വേദിയില്‍ എത്തുന്നത്. 1986, 2022 എഡിഷനുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു തോല്‍വിയുമായി മടങ്ങാനായിരുന്നു കാനഡയുടെ വിധി.
സ്വന്തം കാണികള്‍ക്കു മുന്നില്‍ അരങ്ങേറിയ മത്സരത്തില്‍ 21-ാം മിനിറ്റില്‍ത്തന്നെ കാനഡ പിന്നിലായി. കോര്‍ണര്‍കിക്കിനു തലവച്ച ബോസ്നിയയുടെ ജോവോ ലൂക്കിച്ചിനു പിഴച്ചില്ല. പന്ത് വലയില്‍.
ഗോള്‍ മടക്കാനുള്ള കനേഡിയന്‍ പ്രയത്നം 78-ാം മിനിറ്റില്‍ ഫലം കണ്ടു. പ്രോമിസ് ഡേവിഡിന്റെ എറൗണ്ട് ദ കോര്‍ണര്‍ പാസില്‍നിന്ന് സൈല്‍ ലാറിന് ബോസ്നിയയുടെ വല കുലുക്കി. കനേഡിയന്‍ ചെമ്പട ആരാധകര്‍ ഗാലറിയില്‍ തിരമാലയായ നിമിഷം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ രണ്ടാം ഗോള്‍ സ്കോററാണ് 31കാരനായ സൈല്‍ ലാറിന്. കാനഡയിലേക്കു കുടിയേറിയ ജമൈക്കന്‍ കുടുംബത്തിലെ അംഗം.
അല്‍ഫോന്‍സോ ഡേവിസാണ് ഫിഫ ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ കനേഡിയന്‍ താരം. 2022 ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരേ ആയിരുന്നു ഡേവിസിന്റെ ചരിത്ര ഗോള്‍.
Sports
ഹൂസ്റ്റൺ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ പോരാട്ടം മുറുക്കി ഇന്നു രണ്ട് വന്പന്മാർകൂടി കളത്തിൽ. മേഡ് ഇൻ ജർമൻ ഫുട്ബോളാണ് ഇതിൽ ആദ്യം കളത്തിലെത്തുന്നത്.
ഇന്ത്യൻ സമയം രാത്രി 10.30ന് ജർമനി ഫിഫ ലോകകപ്പിലെ കന്നിക്കാരായ കുറസാവോയെ നേരിടും. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലാണ് മത്സരം.
2026 ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് യൂലിയൻ നെഗൽസ്മൻ പരിശീലിപ്പിക്കുന്ന ജർമനി. ലോകകപ്പിലെ പാരന്പര്യക്കാരായ ജർമനിയെ ഞെട്ടിക്കാനാണ് കുഞ്ഞന്മാരായ കുറസാവോ എത്തുന്നത്. ആക്രമണവും പ്രതിരോധവും ഒന്നുപോലെ സമന്വയിപ്പിച്ച ടീമാണ് ജർമനി.
അർധരാത്രി പിന്നിടുന്പോൾ ആരാധകരുടെ ഇഷ്ട ടീമുകളിൽ ഒന്നായ ഓറഞ്ചീസ് ഇറങ്ങും. ഏഷ്യൻ കരുത്തരായ ജപ്പാനാണ് നെതർലൻഡ്സിന്റെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30ന് അർലിംഗ്ടണിലാണ് മത്സരം. ഈ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അർലിംഗ്ടണിലെ എടി&ടി സ്റ്റേഡിയം.
ഓസ്ട്രേലിയ x തുർക്കി, ഐവറികോസ്റ്റ് x ഇക്വഡോർ, സ്വീഡൻ x ടുണീഷ്യ മത്സരങ്ങളും ഇന്നു നടക്കുന്നതോടെ ഇന്ന്, ഫിഫ ലോകകപ്പിലെ ആദ്യ സൂപ്പർ സൺഡേ ആകും.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഡാളസിലെ എടി&ടി. ഈ സ്റ്റേഡിയത്തിന്റെ സമീപത്താണ് പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അര്‍ലിംഗ്ടണ്‍ (യുടിഎ).
ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ സഞ്ചാരി, കല്‍പ്പന ചൗള അമേരിക്കയിലെത്തി പഠനം തുടങ്ങിയത് ഇവിടെയായിരുന്നു. ഇന്ത്യയില്‍നിന്ന് 1982ല്‍ യുടിഎയില് എത്തിയ കല്‍പ്പന പിന്നീട് പടിപടിയായി ഉയരങ്ങള്‍ കീഴടക്കി നിത്യതയിൽ മറഞ്ഞു.
കല്പ്പനയുടെ സ്മരണകള്‍ പേറുന്ന യുടിഎ, അവരോടുള്ള സ്നേഹാദരവായി ഒരു മെമ്മോറിയല്‍ ഒരുക്കിയിട്ടുണ്ട്. യുടിഎ കോളജ് ഓഫ് എന്‍ജിനിയറിംഗ് പ്രദേശത്ത് 2010ലാണ് കല്‍പ്പന ചൗള മെമ്മോറിയല്‍ ഡിസ്പ്ലെ ആരംഭിച്ചത്.
ബഹിരാകാശ യാത്രികനായ റോബര്‍ട്ട് എല്‍. സ്റ്റൂവര്‍ട്ട്, നടന് ലൂ ഡയമണ്ട് ഫിലിപ്സ്, വിരമിച്ച യുഎസ് ആര്‍മി ജനറല്‍ ടോമി ഫ്രാങ്ക്സ് തുടങ്ങിയവരെല്ലാം യുടിഎസിലെ മുന്‍ വിദ്യാര്‍ഥികളാണ്.
ഇത്രയും ചരിത്രമുള്ളതുകൊണ്ടുതന്നെ മകന് നിഖില്‍ രവീന്ദ്രന് എംഎസ് എടുക്കാന്‍ തെരഞ്ഞെടുത്തതും യുടിഎസ് ആയിരുന്നു. സിറ്റിസണ്‍സ് പ്രോപര്‍ട്ടി ഇന്‍ഷ്വറന്‍സ് കോര്‍പറേഷനിലെ ഡാറ്റ എന്‍ജിനിയറാണ് അവന്.
Sports
കാൻസാസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ബൂട്ടുകളും പന്തുകളുമടക്കമുള്ള സാധനങ്ങൾ മോഷണംപോയി. അടുത്തയാഴ്ച ക്രൊയേഷ്യക്കെതിരേ ആദ്യ പോരാട്ടം അരങ്ങേറാനിരിക്കെ നടന്ന മോഷണം ടീമിനെ വലിയ പ്രതിസന്ധിയിലാക്കി.
യുഎസിലെ കാൻസാസ് സിറ്റിയിലാണു സംഭവം. ഞായറാഴ്ച കാൻസാസ് സിറ്റിയിൽ എത്തുന്ന ഇംഗ്ലണ്ട് ടീമിനായി അവരുടെ പരിശീലനകേന്ദ്രമായ സ്വോപ് സോക്കർ വില്ലേജിലേക്ക് സാമഗ്രികൾ മുൻകൂട്ടി എത്തിച്ച വാഹനങ്ങളിലാണു മോഷണം നടന്നത്. വാഹനങ്ങൾ തകർത്താണ് മോഷ്ടാക്കൾ സാധനങ്ങൾ കവർന്നത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പന്തുകളും ബൂട്ടുകളും കൂടാതെ, മറ്റെന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പരിശോധിക്കുകയാണ്. പരിശീലകൻ തോമസ് ടുഹെലും സംഘവും കാൻസാസ് സിറ്റിയിലെ പരിശീലനകേന്ദ്രത്തിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച ക്രൊയേഷ്യക്കെതിരേ നടക്കുന്ന ആദ്യ മത്സരത്തിനായുള്ള തോമസ് ടുഹെലിന്റെ തന്ത്രങ്ങളെയും ടീമിന്റെ ഒരുക്കങ്ങളെയും ഈ സംഭവം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് ഇംഗ്ലണ്ട് താരങ്ങളുടെ സന്പൂർണ പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ ടീമിന്റെ മാനസികാവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
1966-ന് ശേഷം പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത ഇംഗ്ലണ്ടിന് ഇത്തവണ
ത്തെ ലോകകപ്പ് ഏറെ നിർണായകമാണ്. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ന്റെ നേതൃത്വത്തിൽ ശക്തമായ നിരയുമായാണ് ഇംഗ്ലണ്ട് ഇക്കുറി ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും ഫൈനലിൽ എത്തിയ ഇംഗ്ലണ്ടിന്, ഈ ലോക കപ്പ് മികച്ച അവസരമായാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
48 ടീമുകൾ മാറ്റുരയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിൽ ഗ്രൂപ്പ് എല്ലിൽ ആണ് ഇംഗ്ലണ്ട് മത്സരിക്കുന്നത്. ക്രൊയേഷ്യ, ഘാന, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം ജൂൺ 23ന് ഘാനയുമായും, ജൂൺ 27ന് പനാമയുമായും ഇംഗ്ലണ്ട് ഏറ്റുമുട്ടും.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ അമേരിക്കയുടെ ആദ്യ മത്സരം കാണാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ലോസ് ആഞ്ജലീസ് സ്റ്റേഡിയത്തിൽ പാരഗ്വായുമായാണ് യുഎസിന്റെ ആദ്യ മത്സരം.
തിരക്കേറിയ ഔദ്യോഗിക പരിപാടികൾ കാരണമാണ് ട്രംപിന് മത്സരത്തിന് എത്താൻ സാധിക്കാത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച തന്റെ എൺപതാം ജന്മദിനത്തോടും ഫ്ളാഗ് ഡേയോടും അനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടക്കുന്ന യുഎഫ്സി ഫ്രീഡം 250 എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
പ്രശസ്ത പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോയുടെ കീഴിൽ ഇറങ്ങുന്ന അമേരിക്കൻ ടീമിന് ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളത്. സെനഗലിനെതിരായ സൗഹൃദ മത്സരത്തിൽ 3-2 ന് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ് ടീം ബൂട്ട് കെട്ടുന്നത്.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ബോസ്നിയക്കെതിരെ (1-1) സമനില പിടിച്ച് ആതിഥേയരായ കാനഡ. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം ഗോൾ നേടിയ സൈൽ ലാറിനാണ് കാനഡയുടെ രക്ഷകനായത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിന്റെ ഗോളിലൂടെ ബോസ്നിയയാണ് ആദ്യം മുന്നിലെത്തിയത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ബോസ്നിയക്ക് ലഭിച്ച ഏക സുവർണാവസരം അവർ കൃത്യമായി ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയിൽ 54 ശതമാനം പന്തടക്കവുമായി കാനഡ മികച്ച കളി പുറത്തെടുത്തെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ മാത്രം അകന്നുനിന്നു.
കാനഡയ്ക്ക് എട്ട് കോർണർ കിക്കുകൾ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞതോടെ മത്സരം കൂടുതൽ ചൂടുപിടിച്ചു. 53-ാം മിനിറ്റിൽ കനേഡിയൻ താരം റിച്ചി ലാര്യ തൊടുത്തുവിട്ട പന്ത് നിർഭാഗ്യവശാൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
തൊട്ടുപിന്നാലെ ബോസ്നിയക്ക് ലീഡ് ഉയർത്താൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും കാനഡ ഗോൾകീപ്പർ മാക്സിം ക്രെപ്പേ മാത്രം മുന്നിൽ നിൽക്കെ എർമെഡിൻ ഡെമിറോവിച്ച് ആ അവസരം നഷ്ടപ്പെടുത്തി. ഒട്ടനവധി ഗോൾ അവസരങ്ങളാണ് മത്സരത്തിൽ കാനഡ പാഴാക്കിയത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 79-ാം മിനിറ്റിലാണ് കാനഡ ബോസ്നിയൻ പ്രതിരോധപ്പൂട്ട് പൊളിച്ചത്.
75-ാം മിനിറ്റിൽ പകരക്കാരനായി കോർട്ടിലിറങ്ങി നാല് മിനിറ്റിനുള്ളിൽ സൈൽ ലാറിൻ കാനഡയ്ക്കായി സമനില ഗോൾ നേടി. ബോക്സിലേക്ക് വന്ന പന്ത് ബുദ്ധിപൂർവം ലാറിന് ഫ്ലിക്ക് ചെയ്ത് കൊടുത്ത ജൊനാഥൻ ഡേവിഡാണു ഈ ഗോളിന് വഴിയൊരുക്കിയത്. ഈ സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
1986-ലും 2022-ലെ ഖത്തർ ലോകകപ്പിലും കളിച്ചിട്ടുള്ള കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേട്ടമാണിത്. ഇതോടൊപ്പം 2010 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സമനില നേടുന്ന ആദ്യത്തെ ആതിഥേയ രാജ്യമെന്ന ബഹുമതിയും കാനഡ സ്വന്തമാക്കി.
Sports
ന്യൂജഴ്സി: നേരം പുലർന്ന് ഉച്ചയോടടുക്കുന്പോഴും കാൽപ്പന്തിന്റെ ഇന്പം കണ്ണിനും കാതിനും കുളിരേകുന്ന രാവാണ് മലയാളികൾക്കു മുന്നിലേക്ക് ഇന്നെത്തുന്നത്.
അതെ, ഈ രാത്രി 12.30ന് ആരംഭിക്കുന്ന കാൽപ്പന്ത് പോരാട്ടത്തിന്റെ വിശ്രമം ഞായറാഴ്ച ഉച്ചയോടെ മാത്രം. അതിനോടകം നാല് മത്സരങ്ങൾക്കു ഫിഫ 2026 ലോകകപ്പ് വേദിയൊരുക്കും.
കാനറികളെന്ന വിളിപ്പേരു സ്വന്തമായുള്ള ബ്രസീൽ ഈ രാത്രി കളത്തിലെത്തും. 2026 ഫിഫ ലോകകപ്പിൽ ആദ്യം മത്സരത്തിന്റെ ചൂടിലേക്ക് ഇറങ്ങുന്ന വന്പന്മാരാണ് ബ്രസീൽ.
പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്മറിന്റെ അഭാവത്തിൽ, വിനീഷ്യസ് ജൂണിയർ അടക്കമുള്ളവരാണ് മഞ്ഞപ്പടയുടെ കരുത്ത്. ഇന്ത്യൻ സമയം ഞായർ പുലർച്ചെ 3.30ന് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെയാണ് ബ്രസീൽ നേരിടുക.
ഈ അർധരാത്രി 12.30ന് ഖത്തർ x സ്വിറ്റ്സർലൻഡ് പോരാട്ടത്തോടെ കാൽപ്പന്ത് രാവിനും കിക്കോഫ്. തുടർന്ന് ബ്രസീൽ x മൊറോക്കോ, ഞായർ രാവിലെ 6.30ന് ഹെയ്തി x സ്കോട്ലൻഡ്, 9.30ന് ഓസ്ട്രേലിയ x തുർക്കി പോരാട്ടങ്ങളും അരങ്ങേറും.
Sports
ഗ്വാഡലഹാര: കൊറിയന്‍ ഡ്രാമകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക്, കാല്‍പ്പന്തിന്റെ ലോകവേദിയിലൊരു ട്വിസ്റ്റ് ആന്‍ഡ് ടേണ്‍ പോരാട്ടം.
ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് എയില്‍ മെക്സിക്കോയിലെ ഗ്വാഡലഹാരയില്‍ അരങ്ങേറിയ മത്സരത്തില്‍ ഒരു ഗോളിനു പിന്നിലായശേഷം ദക്ഷിണകൊറിയ ചെക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു. ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ ജയം നേടിയതിനുശേഷം കളത്തിലെത്തിയ ദക്ഷിണകൊറിയയും മൂന്നു പോയിന്റുമായി മൈതാനംവിട്ടു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 59-ാം മിനിറ്റില്‍ ലാഡിസ്ലാവ് ക്രെജിച്ചിലൂടെ ലീഡ് നേടി. ഏഴ് മിനിറ്റ് മാത്രമേ ദക്ഷിണകൊറിയക്കാര്‍ പിന്നില്നിന്നുള്ളൂ. 67-ാം മിനിറ്റില്‍ ഹ്വാങ് ഇന്‍ ബ്യൂമിലൂടെ കൊറിയന്‍ ഡ്രാമയുടെ തുടക്കം. ലീ കാങ് ആയിരുന്നു മികച്ചൊരു അസിസ്റ്റ് നടത്തിയത്.
പനിക്കിടക്കയില്നിന്നെത്തി
മത്സരത്തിന്റെ തലേന്ന് പനിയെത്തുടര്‍ന്ന് വിഷമത അനുഭവിച്ച ഹ്യോണ്‍ ഗ്യു ഓയുടെ വകയായിരുന്നു ദക്ഷിണകൊറിയയുടെ ജയം കുറിച്ച ഗോള്‍. സമനില ഗോള്‍ നേടിയതിനു പിന്നാലെയാണ് ഹ്യോണ്‍ ഗ്യൂ ഓയെ കോച്ച് കളത്തില്‍ ഇറക്കിയത്, 69-ാം മിനിറ്റില്‍.
കളത്തിലെത്തിയ 11-ാം മിനിറ്റില്‍ ഹ്യോണ്‍ ഉജ്വല ഫിനിഷിംഗിലൂടെ കൊറിയക്കാരെ വിജയോല്ലാസത്തിലെത്തിച്ചു. 80-ാം മിനിറ്റില്‍ ഹ്വാങ് ഇന്‍ ബ്യൂമിന്റെ അസിസ്റ്റ് സ്വീകരിച്ച്, ക്ലോസ് റേഞ്ചില്‍വച്ച് ഇടംകാല്‍കൊണ്ട് ഹ്യോണ്‍ ഗ്യൂ ഓ തൊടുത്ത ഷോട്ട് വലയുടെ ഇടത് മൂലയില്‍ വിശ്രമിച്ചു. ആ ഗോള്‍ മത്സരത്തിന്റെ ഉത്തരം ദക്ഷിണകൊറിയ എന്നാക്കി.
“മത്സരം കളിക്കാന്‍ സാധിക്കുമെന്നു കരുതിയതല്ല. പനിയുടെ അസുഖമായിരുന്നു. എന്നാല്‍, ടീമിലെ സ്റ്റാഫ് വളരെ ഭംഗിയായി എന്നെ ശുശ്രൂഷിച്ചു. പകരക്കാരുടെ ബെഞ്ചില്‍നിന്ന് കളത്തിലെത്തി ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ്”- മത്സരശേഷം ഹ്യോണ്‍ ഗ്യു ഓ വെളിപ്പെടുത്തി.
Sports
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു പന്തുരുണ്ടതോടെ മെക്സിക്കന്‍ തിരമാല ഗാലറിവിട്ട് മൈതാനത്തേക്ക് ആര്‍ത്തലച്ചു.
ആ തിരയില്‍പ്പെട്ട് ആഫ്രിക്കന്‍ വന്കരയില്നിന്നെത്തിയ, ദക്ഷിണരാജ്യക്കാരുടെ കപ്പല്‍ മുങ്ങി. മെക്സിക്കോ സിറ്റിയില്‍ നങ്കൂരമിടാന്‍ കാത്തിരുന്ന ദക്ഷിണാഫ്രിക്കന്‍ പടക്കപ്പലിനെ രണ്ടടിയില്‍ തീര്‍ത്ത്, മെക്സിക്കന്‍ ആരാധര്‍ ആര്‍ത്തലച്ചു, വിവാ, മെഹിക്കോ... ഗോള്‍നേടിയശേഷം കണ്ണീരണിഞ്ഞ് റൗള്‍ ഹിമെനെസ് മെക്സിക്കോയുടെ മുഴുവന്‍ നീറ്റലായി.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ കീഴടക്കിയപ്പോള്‍ രണ്ടാം ഗോള്‍ പിറന്നത് റൗള്‍ ഹിമെനെസിന്റെ ഹെഡറില്‍നിന്ന്. റോബര്‍ട്ടോ അല്വാര്ഡോയുടെ ക്രോസിനു ബോക്സിനുള്ളില്‍വച്ച് തലവച്ച ഹിമെനെസിന് പിഴച്ചില്ല. 67-ാം മിനിറ്റിലായിരുന്നു ഹിമെനെസിന്റെ ഗോള്‍.
കണ്ണീരണിഞ്ഞ് ഹിമെനെസ്
ഗോള്‍ നേടിയതിന്റെ ആഹ്ലാദത്തില്‍ ഹിമെനെസ് മൈതാനത്ത് മുട്ടുകുത്തി. തുടര്‍ന്ന് ഇരുകൈയും ആകാശത്തേക്കുയര്‍ത്തി; ‘പാരാ ടി പാപ്പാ' എന്നു പറഞ്ഞ് കണ്ണീരണിഞ്ഞു. അച്ഛാ, നിനക്കായി എന്നതിന്റെ സ്പാനിഷാണ് പാരാ ടി പാപ്പാ.
മുന്‍ അമച്വര്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു ഹിമെനെസിന്റെ പിതാവ് വേഗ. വേഗയുടെ ശിക്ഷണത്തിലായിരുന്നു റൗള്‍ ഹിമെനെസ് കാല്‍പ്പന്ത് തട്ടിത്തുടങ്ങിയത്. കാന്‍സറിനോട് ദീര്‍ഘനാളായി പോരാടിയ വേഗ 2026 മാര്‍ച്ചില്‍ അന്തരിച്ചു.
ഇംഗ്ലീഷ് ക്ലബ്ബായ ഫുള്‍ഹാമിന്റെ സ്ട്രൈക്കറാണ് ഹിമെനെസ്. 2022 ലോകകപ്പിനുള്ള മെക്സിക്കന്‍ ടീമില്‍ ഹിമെനെസ് ഉള്‍പ്പെട്ടതിനെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ മകന് പ്രതിരോധം തീര്‍ത്ത് വേഗ രംഗത്തെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Sports
ജോഗ ബൊണിറ്റോ; കാല്‍പ്പന്തിന്റെ മനോഹാരിതയ്ക്ക് ബ്രസീലിലൂടെ ലോകം കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ നാമം. പോര്‍ച്ചുഗീസിലെ ജോഗ ബൊണിറ്റോ എന്ന വാക്കിന്റെ അര്‍ഥം മനോഹരമായി കളിക്കൂ എന്നതാണ്. കാല്‍പ്പന്ത് പോരാട്ടത്തിന്റെ ലാറ്റിനമേരിക്കന്‍ ചാരുതയുടെ വക്താക്കളായാണ് ബ്രസീല്‍ അറിയപ്പെടുന്നത്. പെലെ, സീക്കോ, ഗാരിഞ്ച എന്നിങ്ങനെ തുടങ്ങി റൊണാള്‍ഡോ, കക്ക, റൊണാള്‍ഡീഞ്ഞോ, നെയ്മര്വരെ എത്തിനില്‍ക്കുന്ന കാല്‍പ്പന്തിലെ കാനറി സൗന്ദര്യവക്താക്കള്.
ആദ്യം ബ്രസീല്‍
കാല്‍പ്പന്ത് ലോകത്തിലെ വമ്പന്മാരില്, ഫിഫ 2026 ലോകകപ്പിനായി ആദ്യം കളത്തിലിറങ്ങുന്നത് ബ്രസീലിന്റെ മഞ്ഞപ്പടതന്നെ. ഫുട്ബോളിന്റെ ചക്രവര്‍ത്തിമാരായി അഞ്ച് തവണ കിരീടം ധരിച്ച റിക്കാര്ഡുകാരിറങ്ങുന്നതോടെ 23-ാം ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ചിത്രം മാറും. ഗ്രൂപ്പ് സിയില്‍ നാളെ രാത്രി 3.30ന് മൊറോക്കോയ്ക്ക് എതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം (ഞായര്‍ പുലര്‍ച്ചെ 3.30). കാനറികളുടെ ആദ്യ മത്സരത്തിനായി മലയാളക്കരയിലെ ആരാധകര്‍ വെളുപ്പാന്‍കാലത്ത് കണ്ണിമവെട്ടാതെ കാത്തിരിക്കണമെന്നു ചുരുക്കം.
നമ്പര്‍ 24 ബ്രസീല്‍
നെഗറ്റീവ് സംസ്കാരത്തിന്റെ പ്രതീകമായാണ് 24നെ ബ്രസീലുകാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ബ്രസീലുകാര്‍ക്ക് 24-ാം നമ്പര്‍ ജഴ്സി അത്ര സുഖിക്കാറില്ല. ഫിഫ ലോകകപ്പില്‍ മാത്രമേ ദേശീയ ടീമില്‍ 24-ാം നമ്പര്‍ ജഴ്സി ഉണ്ടാകാറുള്ളൂ. 2022 ഖത്തര്‍ ലോകകപ്പിലായിരുന്നു ഫിഫ ആദ്യമായി 26 അംഗ ടീമിനെ ഉള്‍പ്പെടുത്തിയത്. അങ്ങനെ ആദ്യമായി ബ്രസീല്‍ ടീമില്‍ 24-ാം നമ്പര്‍; അണിഞ്ഞത് ഗ്ലീസന് ബ്രെമര്‍. നാലു വര്‍ഷത്തിനുശേഷം ഇത്തവണ വീണ്ടും സെലെക്കാവോയ്ക്ക് 24-ാം നമ്പര്‍ ജഴ്സി. അണിയുന്നത് 27കാരനായ പ്രതിരോധതാരം റോജര്‍ ഇബാനെസ്.
നെയ്മര്‍ ഇല്ലാതെ
അച്റഫ് ഹക്കീമിയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയ്ക്ക് എതിരേ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍കുറഞ്ഞ ഒന്നും ആശ്വാസകരമല്ല. 10-ാം നമ്പറുകാരനായ നെയ്മര്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പാണ്. കാലിന്റെ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ ടീം പരിശീലനം തുടങ്ങിയിട്ടില്ല. സ്ട്രംഗ്തണിംഗ് പരിശീലനത്തിലാണ് നെയ്മര്‍. വിനീഷ്യസ്, റാഫീഞ്ഞ, എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, മാര്‍ക്വിനോസ് തുടങ്ങിയ വമ്പന്‍ നിരയുടെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍.
Sports
ഫിഫ ലോകകപ്പിൽ പന്തുരുണ്ടു തുടങ്ങി. ഓരോ രാജ്യത്തിനും അവരുടേതായ ചരിത്രവും സ്വപ്നങ്ങളുമുണ്ട്. ഇന്ത്യക്കും ഇവ രണ്ടുമുണ്ടായിരുന്നു. എന്നിട്ടും ലോകകപ്പ് ഫൈനൽ റൗണ്ട് എന്ന, ഫുട്ബോളിന്റെ ഏറ്റവും വലിയ പ്രദർശന വേദിയിൽ ഒരിക്കൽപോലും നമ്മുടെ ദേശീയ പതാക പാറിയില്ല.
മഹാത്മാഗാന്ധിയുടെ ക്ഷമയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടവീര്യവും ഭഗത് സിംഗിന്റെ തീക്ഷ്ണതയും സിരകളിൽ ഒഴുകുന്ന ഒരു ജനതയാണ് നമ്മുടേത്. ക്രിക്കറ്റിലും ഹോക്കിയിലും ചെസിലുമെല്ലാം ലോകത്തെ വിസ്മയിപ്പിക്കുന്ന ഇന്ത്യക്ക് എന്തുകൊണ്ടാകും ലോകകപ്പ് ഫുട്ബോളിന്റെ വേദിയിലെത്താൻ കഴിയാതെ പോകുന്നത്?
ദാരിദ്യത്തോട് പൊരുതുന്ന ഹെയ്തിയുണ്ട്. യുദ്ധങ്ങളുടെ മുറിവുകളുമായി ഇറാക്കുണ്ട്. അസ്ഥിരതയുടെ നിഴലിൽ ജീവിക്കുന്ന കോംഗോയുണ്ട്. നമ്മുടെ ഒരു പഞ്ചായത്തിലെ പോലും ജനസംഖ്യയില്ലാത്ത കുറസാവോയുമുണ്ട്.
അവരെല്ലാം വിശ്വമേളയുടെ പുൽമൈതാനത്ത് സ്വന്തം പതാക ഉയർത്തി. ഇന്ത്യ എന്തേ ഇന്നും ഗാലറിയിലിരിക്കുന്നു? ആ ചോദ്യം നമ്മേ ചരിത്രത്തിന്റെ പൊടിപിടിച്ച പേജുകളിലേക്ക് എത്തിക്കും.
ഓർത്തുനോക്കൂ.
ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോൾ ഏഷ്യയിലെ പ്രബല ശക്തിയായിരുന്നു. കേരളത്തിന്റെ മലമടക്കുകളിലും ബംഗാളിന്റെ മൈതാനങ്ങളിലും ഗോവയുടെ കടൽക്കാറ്റിലും പഞ്ചാബിന്റെ വയലുകളിലും മൈസൂരുവിന്റെ തെരുവുകളിലും പിറന്ന കളിക്കാർ ലോക നിലവാരത്തിൽ പന്തടിച്ചു. അന്ന് ഫുട്ബോൾ വെറും കളിയായിരുന്നില്ല. അത് ഒരു ജനതയുടെ ജീവനായിരുന്നു.
1948ലെ ലണ്ടൻ ഒളിന്പിക്സ് ഫുട്ബോളിൽ ഇന്ത്യൻ താരങ്ങൾ ലോകത്തെ അദ്ഭുതപ്പെടുത്തി. അവരുടെ പോരാട്ടം ലോക മാധ്യമങ്ങളുടെ തലക്കെട്ടായി. 1956 മെൽബണ്‍ ഒളിന്പിക്സിൽ ഇന്ത്യ സെമിഫൈനൽ വരെ കുതിച്ചു. ഇന്നും ഒരു ഏഷ്യൻ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി അത് നിലനിൽക്കുന്നു. ആ കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു ശൈലൻ മന്ന. ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസം. ഫിഫയുടെ നൂറ്റാണ്ടിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ അപൂർവ ഏഷ്യൻ താരങ്ങളിലൊരാളായി അദ്ദേഹം മാറി.
1951ൽ ഡൽഹിയിലും 1962ൽ ജക്കാർത്തയിലും ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടി. അന്ന് ഏഷ്യയിലെ ഫുട്ബോൾ പവർ ഹൗസുകളിൽ ഒന്നായിരുന്നു ഇന്ത്യ. ഇന്ന് പലരും സ്വപ്നം കാണുന്ന നേട്ടങ്ങൾ അന്ന് നമ്മുടെ മുൻതലമുറ നേടിയെടുത്തിരുന്നു. എന്നിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി 1950 ബ്രസീൽ ലോകകപ്പ് നിലകൊള്ളുന്നു. അന്ന് ലോകകപ്പിൽ കളിക്കാനുള്ള അവസരം ഇന്ത്യയുടെ വാതിൽക്കൽ വന്നു മുട്ടി.
പക്ഷേ, ഇന്ത്യ ബ്രസീലിലേക്ക് പോയില്ല. കാരണം എന്തായിരുന്നു? ബൂട്ട് പ്രശ്നം, സാന്പത്തിക പ്രതിസന്ധി, ദീർഘയാത്ര, ഭരണപരമായ അനാസ്ഥ. യഥാർഥ കാരണം എന്തുതന്നെ ആയാലും ഫലം ഒന്നായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ അധ്യായം എഴുതപ്പെടാതെ പോയി. ആ നഷ്ടയാത്ര ഇന്നും ഇന്ത്യൻ ഫുട്ബോളിനെ വേട്ടയാടുന്നു.
അതിന് ശേഷം ദശാബ്ദങ്ങൾ കടന്നുപോയി. ലോകം മാറി. കളിരീതികൾ മാറി. എന്നാൽ ഇന്ത്യൻ ഫുട്ബോൾ ക്രമേണ പിന്നിലേക്കാണ് പാഞ്ഞത്. ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു രാജ്യത്തിന്റെ ഫുട്ബോൾ ഭരണസംവിധാനങ്ങൾ അഴിമതിയുടെയും അധികാര പോരാട്ടങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും പിടിയിലായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കാൻ തുടങ്ങിയതുപോലും 1986 മുതൽ.
ഇന്ന് കേരളത്തിലെ ഗ്രാമമൈതാനത്ത് ഒരു കുട്ടി പന്ത് തട്ടുന്പോഴും കോൽക്കത്തയിലെ മോഹൻ ബഗാൻ ഗാലറിയിൽ ഒരാൾ പതാക വീശുന്പോഴും ഗോവയിലെ കടൽത്തീരത്ത് ഒരു ബാലൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് ഷോട്ട് എടുക്കുന്പോഴും പഞ്ചാബിലെ പൊടിമൈതാനത്ത് മറ്റൊരാൾ ലയണൽ മെസിയുടെ ഡ്രിബിൾ സ്വപ്നം കാണുന്പോഴും അവരുടെയെല്ലാം ഹൃദയത്തിൽ ഒരേ സ്വപ്നമാണ്. ഒരു ദിവസം ഇന്ത്യ ലോകകപ്പ് കളിക്കണം.
ഇത് വെറും കായിക ലക്ഷ്യമല്ല. ഒരു തലമുറയുടെ ആഗ്രഹമാണ്. നഷ്ടപ്പെട്ട ചരിത്രത്തെ തിരികെ പിടിക്കാനുള്ള മോഹം. ശൈലൻ മന്നയും പി.കെ. ബാനർജിയും ചുനി ഗോസ്വാമിയും ജർണയിൽ സിംഗും കോട്ടയം സാലിയും തിരുവല്ല പാപ്പനുമെല്ലാം എഴുതാതെ പോയ ലോകകപ്പ് അധ്യായം പൂർത്തിയാക്കാനുള്ള അടങ്ങാത്ത മോഹം.
ഇന്ത്യയിൽ ഫുട്ബോൾ ഇല്ലെന്ന് പറയാനാകില്ല. പ്രതിഭകളില്ലെന്ന് പറയാനാകില്ല. ആരാധകരില്ലെന്നും പറയാനാകില്ല. ഇല്ലാത്തത് ദിശയും ദർശനവും ആത്മാർഥതയുമാണ്.
Sports
1990ലെ ലോകകപ്പാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ജോ പോൾ അഞ്ചേരിയുടെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നത്. തൃശൂർ തിരൂരിലെ വീടിനടുത്തുള്ള അങ്ങാടിയിലെ ജോയിച്ചേട്ടന്റെ വീട്ടിലിരുന്ന് കളി കണ്ട കാര്യം ജോ പോൾ തന്നെ പറയട്ടെ:
"അന്നൊന്നും വീട്ടിൽ ടിവി ഇല്ല. ജോയിച്ചേട്ടന്റെ വീട്ടിൽ ആ പ്രദേശത്തുള്ള കളിക്കാരായ ഞങ്ങൾ പിള്ളേരും ഞങ്ങടെ കൂട്ടുകാരും എല്ലാരും ഒന്നിച്ചിരുന്നാണ് കളി കാണൽ. അതൊരു ഫുട്ബോൾ പൂരാണ്. ഓളിയും ബഹളവും. നിലവിലെ ചാമ്പ്യന്മാരായ മാറഡോണയുടെ അർജന്റീനയെ കറുത്ത മുത്തുകളായ കാമറൂൺ ആദ്യ കളിയിൽത്തന്നെ 1-0 ന് അടിച്ചിട്ടു.
അർജന്റീനേടെ ആരാധകരായ ഞങ്ങളൊക്കെ ഞെട്ടി. അന്നവരുടെ സൂപ്പർതാരമായിരുന്നു റോജർ മില്ല. 38-ാം വയസിൽ ലോകകപ്പ് കളിച്ച് നാലു ഗോൾ നേടിയ ഒരു ഗില്ലാഡി. ഗോളടിച്ചശേഷം കോർണർ ഫ്ലാഗിനടുത്ത് പോയൊരു കിടിലൻ ഡാൻസുണ്ട്; ഒരു പ്രത്യേകത ജനുസ്. ഡ്രിബ്ലിംഗ്, ഫാസ്റ്റ് മൂവിംഗ്, അസാമാന്യ ബോൾ കൺട്രോൾ. ചെറിയൊരു ഗ്യാപ് കിട്ടിയാൽ അതീക്കോടെ പന്തും കൊണ്ടൊരു കേറ്റല്ണ്ട്; ഒരു രക്ഷയുമില്ല. റൊമാനിയക്കെതിരേ പ്രീക്വാർട്ടറിൽ രണ്ടു ഗോൾ നേടി ടീമിനെ ക്വാർട്ടറിലെത്തിച്ച ഗഡി''.
അന്നത്തെ ഫൈനൽ
മറ്റൊന്ന് അർജന്റീന- ജർമനി ഫൈനൽ. റോമിലായിരുന്നു കളി. ജർമനീടെ ക്യാപ്റ്റൻ ലോഥർ മത്തേയൂസ്. അന്ദ്രിയാസ് ബ്രേമ പെനാൽറ്റിയിലൂടെ ഗോളടിച്ച് 86 ലെ ഫൈനൽ തോൽവിക്കു മധുര പ്രതികാരം ചെയ്തു. റോബെർട്ടോ സെന്‍ സീനിയുടെ ഫൗളിലാണ് പെനാൽറ്റി കിട്ടിയത്. അന്നൊക്കെ അതു വലിയ വിവാദമായിരുന്നു. അർജന്റീനേടെ രണ്ട് താരങ്ങൾക്കാണ് അന്ന് റെഡ് കാർഡ് കിട്ടിയത്. എന്തായാലും ജർമനി ചാമ്പ്യന്മാരായി. മാറഡോണ കണ്ണീരോടെ കളം വിട്ടു. ഫ്രാൻസ് ബെക്കൻബോവറായിരുന്നു ജർമനിയുടെ കോച്ച്. ഇതോടെ കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യ താരമായി അദ്ദേഹം".
ഇപ്പോൾ ഇഷ്ടം ഇംഗ്ലണ്ടിനോട്
"ആദ്യമൊക്കെ ഞങ്ങ്ടെ നാട്ടില്‍ അർജന്റീന, ബ്രസീൽ ആരാധകരായിരുന്നു എല്ലാരും. ഞാൻ അർജന്റീന ഫാൻ ആയിരുന്നു. മാറഡോണ നമ്മുടെ നെഞ്ചിലായിരുന്നു. മെസീനേം ഇഷ്ടാണ്. ഫൗളില്ലാത്ത സുന്ദരൻ കളിയല്ലേ പുള്ളീടെ. പക്ഷേ, എല്ലാരും അർജന്റീനേടെ ഫാൻ ആയതോടെ ഞാനൊന്നു മാറ്റിപ്പിടിച്ചു. ഇപ്പൊ കുറച്ചുനാളായി ഇംഗ്ലണ്ടാ എന്റെ ടീം. ഇപ്പൊ എല്ലാരും സ്പെയിൻ അല്ലെങ്കിൽ ഫ്രാൻസ് ജയിക്കുന്നാ പറയണേ. നല്ല ടീമാ അവര്‍ . പക്ഷേ, ഹാരി കെയ്ൻ ക്യാപ്റ്റനായുള്ള ഇംഗ്ലണ്ട് ഇത്തവണ പൊരിക്കും. നോക്കിക്കോ''
പുതിയ പിള്ളേര് പൊളിയാ
"ക്യാപ്റ്റനെ കൂടാതെ ജൂഡ് ബെല്ലിങ്ഗം, ബുക്കായോ സാക, ഡെക്ലാൻ റൈസ്, മാർക്കസ് റാഷ്ഫോർഡ്, ജോർഡൻ പിക് ഫോർഡ് സൂപ്പർ ടീമാ. എന്തായാലും ഇംഗ്ലണ്ടിന്റെ ജയത്തിന് ചുക്കാൻ പിടിക്ക്യാ കെയ്ൻ-ബെല്ലിംങ്ഗം-സാക്ക ത്രയം ആയിരിക്കും''.
പുതിയ സ്റ്റാറുകൾ
"സ്പെയിനിന്റെ യമാൽ, ബെൽജിയത്തിന്റെ ഡോക്കു, ബ്രസീലിന്റെ എൻഡ്രിക്, വിനീഷ്യസ് ജൂണിയർ, അർജന്റീനയുടെ നിക്കോ പാസ് തുടങ്ങിയ പുതിയ താരങ്ങൾ ഈ ലോകകപ്പിലൂടെ ഉദയം ചെയ്യാൻ സാധ്യതയുണ്ട്. പിന്നെ പഴയ രാജാക്കന്മാരായ മെസി, റൊണാൾഡോ, എംബപ്പെ, നെയ്മർ എല്ലാരും ഈ ലോകകപ്പിൽ ഉണ്ടല്ലോ''.
ഖത്തർ ലോകകപ്പ്
"2022 ഖത്തർ ലോകകപ്പാണ് ആദ്യമായി നേരിട്ട് കണ്ടത്. കുറച്ചു കളിയെ കണ്ടുള്ളൂ. പക്ഷേ, അതൊരു അനുഭവം തന്ന്യാ. ടിവീല് പല ലോകകപ്പും കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഡിയത്തിനകത്തിരുന്ന് കാണുമ്പോഴ്ള്ള ഒരു ഫീൽ ഉണ്ടല്ലോ അത് വേറെ ലെവലാ. ഫുട്ബോൾ ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന ഭാഷയാന്നെന്നൊക്കെ പണ്ടേ കേൾക്കണതല്ലേ പക്ഷേ, അത് നൂറു ശതമാനം സത്യാണെന്ന് കളി നേരിട്ട് കാണുമ്പോ ബോധ്യാവും. അതൊരു ആവേശമാണ്, ആഘോഷമാണ്; തൃശൂര്‍ പൂരത്തിന്റെ കുട മാറ്റം പോലെ''- സി ടെലിവിഷന്റെ കമന്ററിക്കായി മുംബൈയിലെത്തിയ ജോ പോൾ പറഞ്ഞുനിർത്തി.
District News
വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർസിയുപി സ്കൂളിൽ ഫിഫ ലോകകപ്പിനെ വരവേറ്റ് വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞും കൊടികളേന്തിയും വിളംബരഘോഷയാത്ര നടത്തി.
പ്രവചനമത്സരത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സീജ ജോസഫ് നിർവഹിച്ചു. ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ നിർവഹിച്ചു.
അഞ്ചാംക്ലാസ് വിദ്യാർഥി മുഹമ്മദ് ബിലാലിന്റെ പിതാവ് വരച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെൻസിൽചിത്രം പ്രധാനാധ്യാപിക സീജ ജോസഫ്, പിടിഎ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അധ്യാപകരായ അബ്രഹാം ബേസിൽ, പി.ആർ. രാഗിൻ, ആൻസി എസ്. മാറോക്കി എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: ഫിഫ ലോകകപ്പ് 2026 തുടങ്ങിയ സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നതായി പോലീസ്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, വാട്സ്ആപ്, യൂട്യൂബ് തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന "ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ, "1000+ ടിവി ചാനലുകൾ സൗജന്യം.
"പ്രീമിയം ഒടിടി ഉള്ളടക്കം സൗജന്യം', "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും' തുടങ്ങിയ പരസ്യങ്ങളുടെ മറവിൽ, എച്ച്ഇസഡ് ടിവി, ഓപ്പണ്‍ ടിവി, എൻബി ടിവി, മാക്സ് ടിവി തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷൻ പോലെ തോന്നുന്ന വ്യാജ എപികെ ഫയൽ ഡൗണ്‍ലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
ഇത്തരം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന സന്ദേശങ്ങൾ വഴി സജീവമാക്കാൻ ആവശ്യപ്പെടും. ഇതിലൂടെ ഫോണിന്റെ ആക്സസബിലിറ്റി സർവീസ്, നോട്ടിഫിക്കേഷൻ ആക്സസ് തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനം ദുർബലപ്പെടുത്തും.
ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശിക്കും. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായി തട്ടിപ്പുകാർ കൈവശപ്പെടുത്തി യുപിഐ ആപ്ലിക്കേഷനിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുമെന്നും പോലീസ് പറയുന്നു.
Sports
അസ്തെകയുടെ വയറ്റില്‍ എന്താണെന്നറിയാമോ? അതൊരു വലിയ നീരുറവയാണ്. പരലോകത്തെ തൊട്ടുരുമ്മി നില്‍ക്കുന്നത്ര ആഴമുള്ളൊരു അടിയൊഴുക്ക്. ഭൂമി തുരന്ന് ഒഴുകുന്ന ഒരു നീരുറവയുടെ മുകളിലാണ് ആ ഫുട്ബോള്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. മെക്സിക്കോ സിറ്റിക്കാര് പറയുന്നത് ഫിഫ ലോകകപ്പ് വേദിയായ അസ്തെക സ്റ്റേഡിയത്തെ കുറിച്ചാണ്.
ഈ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. നാലാം നൂറ്റാണ്ടില്‍ പുകഞ്ഞുണങ്ങിയ ഒരു അഗ്നിപര്‍വതത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് അസ്തെക സ്റ്റേഡിയം നിലകൊള്ളുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ മെക്സിക്കോക്കാരുടെ പരമ്പരാഗത തൊപ്പിയായ ഒരു ഭീമന് "സോംബ്രെറോ' കണ്മുന്നില് കമഴ്ത്തിവച്ചിരിക്കുന്നത് പോലെ തോന്നും.
ചുറ്റുമുള്ള ഇടുങ്ങിയ തെരുവുകളില്‍ മെക്സിക്കന്‍ വിപ്ലവനായകന് എമിലിയാനോ സപാതയുടെ കൂര്‍ത്ത മീശയുള്ള ചുവര്‍ചിത്രങ്ങള്‍ കാണാം. ശമ്പളവര്‍ദ്ധനവിനായി സമരം ചെയ്യുന്ന അധ്യാപകരും, ഹൈവേകളിലെ തട്ടിക്കൊണ്ടുപോകലിനെതിരേ പ്രതിഷേധിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരും ചേര്‍ത്തുവെക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും പക്ഷേ ഈ സ്റ്റേഡിയത്തിന്റെ അതിരുകള്‍ക്കുള്ളിലേക്ക് കടക്കാറില്ല.
അതൊരു പ്രത്യേക ലോകമാണ്. കാവല്‍ നില്ക്കുന്ന നാഷണല്‍ ഗാര്‍ഡിന്റെ സൈനികര്‍ക്ക് നടുവിലും ഈ കളിമുറ്റം ശാന്തമാണ്, ഗാംഭീര്യമുള്ളതുമാണ്. പ്രാദേശികവാസികള്‍ ഈ സ്റ്റേഡിയത്തെ സ്നേഹത്തോടെ "അസ്തെക' എന്നോ "കൊളോസോ' എന്നോ വിളിക്കും.
ഒരു ബാങ്കിംഗ് ഗ്രൂപ്പ് ഇതിനെ "എസ്റ്റാഡിയോ ബാനോര്ട്ടെ' എന്ന് പുനര്‍നാമകരണം ചെയ്തെങ്കിലും ആരും ആ പേര് ഉച്ചരിക്കാറേയില്ല. അവര്‍ക്ക് അവള് വെറുമൊരു കെട്ടിടമല്ല; ചുവരുകള്‍ക്കുള്ളില്‍ ജീവനുള്ള, ശ്വസിക്കുന്ന ഒരു പെണ്‍കരുത്താണ്.
അസ്തെകയ്ക്ക് കാവലായി തൊട്ടടുത്ത് സാന്താ ഉര്‍സുല പള്ളിയുമുണ്ട്. ഫുട്ബോളിന്റെ ചരിത്രത്തില്‍ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ സൈ്വര്യവിഹാരം നടത്തിയ മണ്ണാണിത്. പെലെയും ഡീഗോ മറഡോണയും ലോകകിരീടങ്ങള്‍ വാനിലുയര്‍ത്തിയത് ഇതേ അസ്തെകയുടെ പുല്‍ത്തകിടിയിലാണ്.
1970-ല്‍ ഇറ്റലിക്കെതിരേ ഹെഡറിലൂടെ ഗോള്‍ നേടി പെലെ കപ്പുയര്‍ത്തിയപ്പോള്‍ താമസിച്ച മുറി ഇന്നും തൊട്ടടുത്തുള്ള ഒരു കെട്ടിടത്തില്‍ അതുപോലെ സംരക്ഷിച്ചിരിക്കുന്നു. മറഡോണയുടെ വിഖ്യാതമായ "ദൈവത്തിന്റെ കൈ' ഗോള്‍ ഈ സ്റ്റേഡിയത്തിന്റെ മ്യൂസിയത്തില്‍ ഒരു വെങ്കല ശില്പ്പമായി കൊത്തിവെച്ചിട്ടുണ്ട്.
പിന്നീട് മെക്സിക്കന്‍ ക്ലബിന്റെ മാനേജരായി മറഡോണ ഇവിടെ വന്നപ്പോള്‍ ആ ശില്‍പ്പം കണ്ട് പൊട്ടിച്ചിരിച്ചത് ഇവിടുത്തെ ജീവനക്കാര്‍ ഓര്‍ക്കുന്നു. ഇവര്‍ക്ക് പുറമെ ക്ലബിന്റെ ഒരു മത്സരവും മുടക്കാത്ത ഇഗ്നാസിയോ എന്ന സാധാരണക്കാരനായ ഒരു ആരാധകന്റെ പ്രതിമയും ഇവിടെയുണ്ട്.
Sports
അദ്ഭുതരാജ്യമായാണ് ഭൂഗോളനിവാസികള് അമേരിക്കയെ കാണുന്നത്; ഒരു വണ്ടര്‍ ലാന്‍ഡ്. അപ്പോള്‍ അവിടെ നടക്കുന്ന ഫിഫ ലോകകപ്പില്‍ വണ്ടര്‍ ഇല്ലെങ്കിലേ അദ്ഭുതമുള്ളൂ. ഡാളസിലെ അര്ലിംഗ്ടണ്ണിലുള്ള, 2026 ഫിഫ ലോകകപ്പിലെ സുപ്രധാന വേദിയായ എടി&ടി സ്റ്റേഡിയം സന്ദര്‍ശിച്ചു. ആദ്യ കാഴ്ചയില്‍ത്തന്നെ ‘അമ്പമ്പോ എന്തൊരു സ്റ്റേഡിയം' എന്ന മനസിലെ അദ്ഭുതം, ശബ്ദമായി എന്നില്‍നിന്നു പുറത്തുവന്നു.
2026 ഫിഫ ലോകകപ്പ് ഫുട്ബോളിലെ മഹാവേദിയാണ് എടി&ടി സ്റ്റേഡിയം. ഭൂഗോളത്തിലെ ഏറ്റവും ആധുനികവും വലിപ്പമേറിയതുമായ കായിക വേദികളില്‍ ഒന്ന്. ഈ ലോകകപ്പിലെ ഒമ്പത് മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം വേദിയാകും. പ്രാഥമിക റൗണ്ടിലെ അഞ്ച്, റൗണ്ട് ഓഫ് 32ലെ രണ്ട്, പ്രീക്വാര്‍ട്ടറിലെ ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നടക്കുന്ന മത്സരങ്ങളുടെ കണക്ക്. 15ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നു നടക്കുന്ന ജപ്പാന് x നെതര്‍ലന്‍ഡ്സ് ആണ് ഈ സ്റ്റേഡിയത്തിലെ ആദ്യ മത്സരം. 94,000 ആണ് സീറ്റിംഗ് കപ്പാസിറ്റി. അത് ഒരു ലക്ഷംവരെ ഉയര്‍ത്താന്‍ സാധിക്കും.
◄ മേല്‍ക്കൂര, വീഡിയോ വോള്‍
2007ല്‍ തുറന്ന ഈ സ്റ്റേഡിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തുറക്കാനും അടയ്ക്കാനും സാധിക്കുന്ന മേല്‍ക്കൂരയാണ്. 12 മിനിറ്റിനുള്ളില്‍ ഇതു പൂര്‍ണമായി തുറക്കാനും അടയ്ക്കാനും സാധിക്കും. റൂഫിംഗ് അടച്ച് ശീതീകരിച്ച സ്റ്റേഡിയത്തില്‍ കളിനടത്താം. നിലവില്‍ അമേരിക്കയിലുള്ള അത്യുഷ്ണത്തില്‍നിന്ന് കാണികള്‍ക്കും കളിക്കാര്‍ക്കും ആശ്വാസമാകും ഈ സ്റ്റേഡിയം എന്നതില്‍ തര്‍ക്കമില്ല. 6,60,800 ചതുരശ്ര അടിയാണ് മേല്‍ക്കൂരയുടെ വലുപ്പം. സ്റ്റേഡിയവും പരിസരവും മൂന്നു ദശലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിലെ മറ്റൊരാകര്‍ഷണം ഇതിന്റെ റൂഫില്‍നിന്നു താഴേക്കായി തൂക്കിയിട്ടിരിക്കുന്നതുപോലുള്ള ഹൈഡെഫിനിഷന്‍ വീഡിയോ വോള്‍ ആണ്. ഇതിന്റെ ഇരുഭാഗവും മത്സരങ്ങള്‍ തത്സമയം കാണിക്കുന്നു. ഇരു സൈഡുകളിലും വോള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ കായിക വീഡിയോ ഡിസ്പ്ലേകളില്‍ ഒന്നാണിത്. മാത്രമല്ല, ഉയര്‍ന്ന നിലവാരമുള്ള ശബ്ദ-ദൃശ്യ സൗകര്യങ്ങളുമുണ്ട്.
◄ കൗബോയ്സിന്റെ ഹോം
അമേരിക്കന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗിലെ (എന്‍എഫ്എല്‍) ഡാളസ് കൗബോയ്സ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്. അമേരിക്കന്‍ ടെലഫോണ്‍ ആന്‍ഡ് ടെലിക്രാഫ്റ്റ് കമ്പനിയാണ് (എടി&ടി) സ്റ്റേഡിയത്തിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍. ഫിഫ നിയമം അനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് പേരുകള്‍ ലോകകപ്പ് മത്സരങ്ങളില്‍ ഉപയോഗിക്കില്ല. അതുകൊണ്ട് ലോകകപ്പില്‍ ഡാളസ് സ്റ്റേഡിയം എന്നാണ് ഇതറിയപ്പെടുക.
അമേരിക്കയിലെ രണ്ടാമത്തെയും ലോകത്തിലെ മൂന്നാമത്തെയും ഏറ്റവും വലിയ ടെലികോം കമ്പനിയാണ് എടി&ടി. ചൈന മൊബൈല്‍, വെറൈസണ്‍ എന്നിവയാണ് ആദ്യരണ്ടു സ്ഥാനക്കാര്‍. വെറൈസണില് ജോലി ചെയ്യുന്ന മരുമകള്‍ രാജികാ വിജയനൊപ്പമായിരുന്നു സ്റ്റേഡിയത്തിലേക്കുള്ള എന്റെ യാത്ര.
Sports
ഫിഫ ലോകകപ്പിന്റെ 23-ാം എഡിഷന് കിക്കോഫിലേക്കുള്ളത് വെറും ഒരു ദിനം മാത്രം. ഫിഫ ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന മഹാരഥന്മാര് ഏറെയുണ്ട്. ജോര്‍ജ് വിയയും അബേദി പെലെയും കഴിഞ്ഞാലും ജോര്‍ജ് ബെസ്റ്റ്, ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, റയാന് ഗിഗ്സ്... ആ നിര നീളുന്നു.
►►ജോര്‍ജ് ബെസ്റ്റ്
മറഡോണ ഗുഡ്, പെലെ ബെറ്റര്‍, ജോര്‍ജ് ബെസ്റ്റ് എന്നൊരു നാടന്‍ ചൊല്ലുണ്ടായിരുന്നു അങ്ങ് വടക്കന്‍ അയര്‍ലന്‍ഡില്‍. നോര്‍ത്തേണ്‍ ഐറിഷുകാരുടെ ജീവിതാനന്ദത്തെ കളിക്കളത്തില്‍ കവിതയായി പകര്ത്തിയൊരാള്. അയാളെ അവര്‍ ഇതിഹാസങ്ങളുടെ ഇതിഹാസമായി വാഴ്ത്തി. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് 1999ല്‍ നൂറ്റാണ്ടിലെ യൂറോപ്യന്‍ താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 11-ാമന്‍.
നൂറ്റാണ്ടിലെ മികച്ച ലോക കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ 16-ാമന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിംഗറായിരുന്നു ബെസ്റ്റ്. 1968ല്‍ ചുവന്ന ചെകുത്താന്മാരെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കി. ആ വര്‍ഷം യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് വെരി ബെസ്റ്റായിരുന്നിട്ടും ലോകകപ്പ് അദ്ദേഹത്തിന് അന്യമായി.
►►സ്റ്റെഫാനോ
ലോകഫുട്ബോളിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരനാണ് ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ. അര്‍ജന്റീനയില്‍ ജനിച്ച് സ്വന്തം രാജ്യത്തിനും കൊളംബിയ, സ്പെയിന് രാജ്യങ്ങള്ക്കുംവേണ്ടിയും കളത്തിലിറങ്ങിയിട്ടും സ്റ്റെഫാനോയ്ക്ക് ലോകകപ്പ് കളിക്കാനായില്ല. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു സ്വര്‍ണത്തലമുടിയുള്ള അസ്ത്രമെന്ന് വിളിപ്പേരുണ്ടായിരുന്ന സ്റ്റെഫാനോ. ഒരേയൊരു തവണ മാത്രം ഫിഫ സൂപ്പര്‍ ബലോണ്‍ ദ്യോര്‍ നല്കിയപ്പോള് ആ പുരസ്കാരം സ്റ്റെഫാനോയിലാണ് വന്നുചേര്‍ന്നത്.
റിവര്‍ പ്ലേറ്റ്, കൊളംബിയയിലെ മിലോനാരിയോസ് എന്നീ ക്ലബ്ബുകളില്‍ തുടങ്ങിയ സ്റ്റെഫാനോ 1953ല്‍ റയല്‍ മാഡ്രിഡിലെത്തി. റയലിനെ 50കളിലും 60കളിലും ലോകത്തിന്റെ നെറുകയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സ്റ്റെഫാനോയുടെ ബൂട്ടുകളാണ് സഹായിച്ചത്. എല്ലാം നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയ വിഡ്ഢിയെപ്പോലെ സ്റ്റെഫാനോയ്ക്ക് ലോകകപ്പ് ദുഃസ്വപ്നമായി.
►►റയാന് ഗിഗ്സ്
1990 മുതല്‍ 2014വരെയുള്ള കരിയറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മാത്രം കളിച്ച ഗിഗ്സ് ചുവന്ന ചെകുത്താന്മാരുടെ എക്കാലത്തെയും മികച്ച താരമാണ്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ എല്ലാ സീസണിലും ഗോള്‍ നേടിയ ഒരേയൊരു കളിക്കാരന്. ഏറ്റവും കൂടുതല്‍ (13) പ്രീമിയര്‍ ലീഗ് കിരീടം നേടിയതിന്റെ റിക്കാര്‍ഡ്. ഈ വെയില്‍സ് താരത്തിനു ലോകകപ്പ് കളിക്കാനായില്ല.
Sports
ഹൃദയത്തോട് ചേര്‍ത്തുവച്ച പൂവ് കൈമാറുമ്പോള്‍ പ്രണയമാണെങ്കില്‍, കാല്‍പ്പന്ത് ലോകത്തില്‍ ഹൃദയങ്ങളിലേറിയ ജഴ്സിക്കു നിറം മഞ്ഞ... അര്‍ജന്റീന, ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ ഏതൊരു ടീമിന്റെ ആരാധകരാണെങ്കിലും ബ്രസീലിന്റെ മഞ്ഞ ജഴ്സിയും നിങ്ങളുടെ ഹൃദയങ്ങളുടെ കോണില്‍ ഉണ്ടായിരിക്കും... അതെങ്ങനെ സംഭവിച്ചു..? ആ മഞ്ഞ നിറം തന്നെ... ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ജഴ്സി ബ്രസീലിന്റെ മഞ്ഞയും നീലയും സംഗിമിക്കുന്നതുതന്നെ... ലോകത്തിന്റെ നെറുകയിലേക്ക് ബ്രസീലിന്റെ മഞ്ഞല നീന്തിയെത്തിയത് ഹൃദയം പിളര്‍ന്നുള്ള ചോരച്ചാലില്നിന്ന്...
►മരക്കാന മറക്കാന്‍
ബ്രസീലില്‍ ദേശീയ ടീമിന്റെ ഇപ്പോഴത്തെ ജഴ്സിയുടെ പിറവി 1950 ഫിഫ ലോകകപ്പ് ഫൈനലിലെ തോല്വിയില്നിന്നാണെന്നതു ചരിത്രം. റിയൊയിലെ മരക്കാന സ്റ്റേഡിയത്തില്‍വച്ചായിരുന്നു 1950 ഫൈനല്‍. ബ്രസീലിന്റെ തൂവെള്ള ജഴ്സിക്കാര്‍ കപ്പടിക്കുമെന്ന് സര്‍വരും കരുതി. ഓള് വൈറ്റ് ജഴ്സിയായിരുന്നു ബ്രസീലിന്. ഷര്‍ട്ടിന്റെ കോളറിനു നീലയും. ഫൈനല്‍ 2-1ന് ബ്രസീല്‍ പരാജയപ്പെട്ടു. മരക്കാന ദുരന്തമായി രാജ്യം ഇന്നും ആ ദുഃഖത്തില്‍.
►ശപിക്കപ്പെട്ട വെള്ള
മരക്കാന ദുരന്തം രാജ്യത്തെ മുഴുവന്‍ ശോകമൂകമാക്കി. അതോടെ ബ്രസീലിയന്‍ സ്പോര്‍ട്സ് ഫെഡറേഷന് (സിബിഡി) ഒരു തീരുമാനമെടുത്തു. ശപിക്കപ്പെട്ട വെള്ള നിറം ഇനി ജഴ്സിയില്വേണ്ട. ദേശീയ ടീമിന്റെ പുതിയ ജഴ്സി ഡിസൈന്‍ ചെയ്യാനുള്ള അവസരം ഏവര്‍ക്കുമായി ഒരുക്കി പത്രങ്ങളില്‍ പരസ്യം. ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം; ബ്രസീലിന്റെ ദേശീയ പതാകയിലുള്ള മഞ്ഞ, പച്ച, നീല, വെള്ള നിറങ്ങള്‍ ഉള്‍ക്കൊള്ളിക്കണം.
►19കാരന്റെ ഡിസൈന്‍
രാജ്യവ്യാപകമായി നടത്തിയ ദേശീയ ജഴ്സി ഡിസൈന്‍ മത്സരത്തില്‍ ജേതാവായത് 19കാരനായ ആല്ഡിര് ഗാര്‍സിയ ഷ്ലീ. ഒരു പത്രസ്ഥാപനത്തിലെ ഇല്ലസ്ട്രേറ്ററായിരുന്നു ആല്ഡിര്. പച്ച ട്രിം ഉള്ള തിളക്കമാര്‍ന്ന സുവര്‍ണ മഞ്ഞ ഷര്‍ട്ടും കൊബാള്‍ട്ട്-നീല ഷോര്‍ട്ട്സും വെള്ള സോക്സുമായിരുന്നു ആല്ഡിറിന്റെ ഡിസൈന്‍. ഇന്ന് ബ്രസീല്‍ മഞ്ഞയ്ക്കൊപ്പം വെള്ള ഷോര്‍ട്ട്സും നീല സോക്സും എല്ലാം അണിയുന്നു. അപ്പോഴെല്ലാം മഞ്ഞക്കടലിരമ്പമാണ് ആരാധക ഹൃദയങ്ങളില്‍...
ഗോളാന്തര കാൽപ്പന്ത് പോരാട്ടത്തിന്റെ രാജകീയ കിരീടം അഞ്ച് തവണ സ്വന്തമാക്കിയ ബ്രസീൽ ആറാം വട്ടത്തിനായാണ് 2026ൽ മഞ്ഞ ജഴ്സി അണിയുന്നത്. 1950 ഫിഫ ലോകകപ്പ് ഫൈനൽ പരാജയത്തിനുശേഷം സുവർണ മഞ്ഞയണിഞ്ഞ കാനറികൾ, മഞ്ഞയിൽ ഭൂഗോള കിരീടത്തെ പുൽകി. ശപിക്കപ്പെട്ട വെള്ളയ്ക്കുശേഷം കിരീട നേട്ടങ്ങളുടെ മഞ്ഞ. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണ കപ്പുയർത്തി. ആറാം കിരീടത്തിനായുള്ള കാത്തിരിപ്പ് 2026ൽ അവസാനിക്കുമോ എന്നതാണ് അറിയേണ്ടത്.
Sports
“എടാ, കുറച്ചുകൂടി തിരിക്ക്... വലത്തോട്ടല്ല, ഇടത്തോട്ടു തിരിച്ചു നോക്ക്... ആ നിര്‍ത്ത്, നിര്‍ത്ത്. ക്ലിയറായി; താഴേക്കു പോരേ” - ടെറസിനു മുകളില്‍ ഒരാള്‍ നിന്ന് ആന്റിനയുടെ പൈപ്പ് പിടിച്ചുതിരിക്കും. ടിവിക്ക് മുന്നിലിരിക്കുന്നവര്‍ ഉറക്കെ വിളിച്ചുപറയും. കാറ്റൊന്നു വീശിയാല്‍ ചിത്രം മഞ്ഞുവീഴ്ച പോലെ മങ്ങും.
വീണ്ടും തിരിച്ചാല്‍ പ്ലാറ്റിനിയും സീക്കോയും സോക്രട്ടീസുമെല്ലാം തെളിഞ്ഞുവരും. അത്തരമൊരു കാലത്തിന്റെ ഓര്‍മകളിലേക്കാണ് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണലും റിട്ട. പോലീസ് കമന്‍ഡാന്റുമായ സി.വി. പാപ്പച്ചന് കൂട്ടിക്കൊണ്ടുപോയത്. പാപ്പച്ചന്റെ വാക്കുകളിലേക്ക്:
“അന്നൊക്കെ നമ്മുടെ നാട്ടില്‍ ടെലിവിഷന്‍ അപൂര്‍വം. ഞാന്‍ അന്ന് പോലീസ് ടീമില്‍ കയറിയിട്ടേയുള്ളൂ. ഞങ്ങളുടെ നാട്ടിലെ സീനിയര്‍ കളിക്കാരന് കെ.എച്ച്. വര്‍ഗീസേട്ടന്റെ വീട്ടിലിരുന്നാണു ഞങ്ങള്‍ ലോകകപ്പ് കണ്ടത്. അന്നൊക്കെ ഭയങ്കര ആകാംക്ഷയാണ്. ഒരു സെക്കന്‍ഡ് പോലും ശ്രദ്ധ മാറില്ല. കണ്ണുതുറിച്ചു ടിവിയിലേക്ക് നോക്കിയിരിക്കും.
1986 ലോകകപ്പിലെ ഫ്രാന്‍സ് x ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. ജന്മദിനത്തില് ഫ്രഞ്ച് ഇതിഹാസം പ്ലാറ്റിനി എടുത്ത കിക്ക് ക്രോസ്ബാറിനു മുകളിലൂടെ പറന്നെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ച ഫ്രാന്‍സ് ടീം ഒന്നാകെയുള്ള ഓട്ടം ഇന്നും മനസില്‍നിന്ന് മായുന്നില്ല”
ഓപ്പണ്‍ മാര്‍ക്കറ്റ്
“അന്നത്തെയും ഇന്നത്തെയും ടീമുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അന്നത്തെ ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ ടീമുകളെല്ലാം പവര്‍ ഗെയിമാണ് കളിച്ചിരുന്നത്. വ്യക്തിപരമായ പ്രകടനങ്ങള്‍ക്ക് അന്ന് ഏറെ പ്രസക്തി ഉണ്ടായിരുന്നു. അന്നത്തെ ലോകകപ്പ് എന്നാല്‍ കളിക്കാരുടെ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് ആയിരുന്നു. ലോകകപ്പ് പെര്‍ഫോമന്‍സിലൂടെയാണ് യൂറോപ്യന്‍ ലീഗും മറ്റു പ്രധാന ലീഗുകളും കളിക്കാനുള്ള താരങ്ങളെ ക്ലബ്ബുകള്‍ തെരഞ്ഞെടുത്തിരുന്നത്. ഇവിടെയും അങ്ങനെ തന്നെയായിരുന്നു.
സന്തോഷ് ട്രോഫി പെര്‍ഫോമന്‍സ് നോക്കിയാണ് കോല്‍ക്കത്ത, ഗോവന്‍ ക്ലബ്ബുകള്‍ താരങ്ങളെ റാഞ്ചിയിരുന്നത്. അതുകൊണ്ടുതന്നെ മരിച്ചുകളിക്കുന്ന പ്രവണത അന്നുണ്ടായിരുന്നു. കൗണ്ടര്‍ അറ്റാക്ക്, ഫാസ്റ്റ് ഗെയിം അതായിരുന്നു പ്രത്യേകത. ഇന്ന് ക്ലബ്ബുകള്‍ക്കാണ് യൂറോപ്പില്‍ പ്രാധാന്യം. അതിലുള്ളവരാണ് ദേശീയ ടീമില്‍ കളിക്കാന്‍ വരുന്നത്. പലരും ടീമുമായി സിങ്കാവാന്‍ സമയമെടുക്കും. ഇറ്റലി മൂന്നു തവണയായി ലോകകപ്പിനില്ല. ഇത്തവണ 48 ടീമുകള്‍ ആയതോടെ എട്ട് ഏഷ്യൻ ടീമുകൾ ക്വാളിഫൈ ചെയ്യുമ്പോഴാണ് ഇറ്റലി പോലൊരു ടീം ഇല്ലെന്നതു വിചിത്രം”
മെസിയെന്നാല്‍ മിശിഹ
“പഴമയുടെയും പുതുമയുടെയും സമന്വയമാണ് ഫുട്ബോള്‍ മിശിഹയെന്ന് ഏവരും വിശേഷിപ്പിക്കുന്ന മെസി. 30 - 40 മീറ്റര്‍ ആറോ ഏഴോ പേരെ ഡ്രിബിള്‍ ചെയ്ത് ഒറ്റയ്ക്ക് ഗോളടിക്കാന്‍ അദ്ദേഹത്തിനു കഴിവുണ്ട്. ഒപ്പം ചെറിയ ഗ്യാപ്പിലൂടെ പാസുകള്‍ നല്കി തിരിച്ചെടുത്തും നാലഞ്ചുപേര് വരിഞ്ഞുമുറുക്കുമ്പോഴും അവരെയെല്ലാം വകഞ്ഞൊഴിഞ്ഞ് സ്വന്തമായി ലക്ഷ്യത്തിലേക്ക് ഷൂട്ട് ചെയ്യാനും അദ്ദേഹത്തിന് ഈ 38-ാം വയസിലും കഴിയുന്നുണ്ട്.
നിര്‍ലോഭമായി അസിസ്റ്റ് നല്കുന്നുവെന്നതാണ് സഹകളികാര്‍ക്ക് അദ്ദേഹത്തോടിത്ര പ്രിയം. ആദ്യ രണ്ടു ലോകകപ്പുകളില്‍ അദ്ദേഹത്തിനു പന്ത് നല്കാന് സീനിയറായ സഹതാരങ്ങള്‍ക്ക് വൈമുഖ്യമായിരുന്നു. കുറച്ചുകാലമായി അതില്ല. അദ്ദേഹത്തിന് പന്ത് കൊടുത്താല്‍ അത് ടീമിനു ഗുണമായി ഭവിക്കുമെന്ന് അവര്‍ക്കറിയാം.കോച്ചുപോലും അദ്ദേഹത്തെ സ്വതന്ത്രമായി വിട്ടിരിക്കുകയാണ്. സഹ കളിക്കാര്‍ക്കും അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. റൊണാള്‍ഡോ അങ്ങനെയല്ല. ഒറ്റയ്ക്ക് ഗോളടിക്കാനായി ഓളിയിട്ടു നടക്കുകയാണ്. അതാണു വ്യത്യാസം”.
ഇത്തവണ
“ഫ്രാന്‍സിനും സ്പെയിനും എന്നപോലെ അര്‍ജന്റീനയ്ക്കും ബ്രസീലിനുമെല്ലാം ഇത്തവണ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെയും തള്ളിക്കളയാനാവില്ല. പ്രഗത്ഭരുണ്ടെങ്കിലും കളിക്കാര്‍ തമ്മിലുള്ള ഒത്തിണക്കം അറിയണമെങ്കില്‍ കളി കാണണ്ടേ”- പാപ്പച്ചന് പറഞ്ഞുനിര്‍ത്തി.
Sports
വരാസ്ദിന് (ക്രൊയേഷ്യ): ഫിഫ ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദത്തില്‍ ക്രൊയേഷ്യക്കു ജയം.
ലൂക്ക മോഡ്രിച്ച് ഗോള്‍ നേടിയ മത്സരത്തില്‍ ക്രൊയേഷ്യ 2-1ന് സ്ലോവേനിയയെ തോല്‍പ്പിച്ചു. 51-ാം മിനിറ്റിലായിരുന്നു മോഡ്രിച്ചിന്റെ ഗോള്‍. 83-ാം മിനിറ്റില്‍ സ്ലോവേനിയ ഒപ്പമെത്തി. മാരിയൊ പസാലിച്ച് (90+3) നേടിയ ഗോളില്‍ ക്രൊയേഷ്യ ജയം നേടി.
മൊറോക്കോയും നോര്‍വെയും 1-1 സമനിലയില്‍ പിരിഞ്ഞു. കൊളംബിയ 2-0ന് ജോര്‍ദാനെ തോല്‍പ്പിച്ചു.
Sports
റീച്ചാര്‍ജിംഗ് എന്നത് നിത്യസംഭവമായ ഇക്കാലത്ത് ഫുട്ബോള്‍ പന്തും അതേവഴിയില്‍. 2026 ഫിഫ ലോകകപ്പിനെ ഏറ്റവും രസകരമാക്കുന്നതും ഇതുതന്നെ. 1973ല്‍ കേരളം കന്നി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുമ്പോള്‍ പന്ത് റീച്ചാര്‍ജ് ചെയ്യുന്ന ഒരു കാലത്തെക്കുറിച്ച് ഞാനടക്കമുള്ള അന്നത്തെ തലമുറ ചിന്തിച്ചിട്ടില്ല. ഗ്ലൗ ഇല്ലാതെ കേരളത്തിന്റെ ഗോള്‍വലയ്ക്കു മുന്നിലെത്തിയത് ഓര്‍മിച്ചുപോകുന്നു.
2026 ഫിഫ ലോകകപ്പില്‍ എത്തിനില്ക്കുമ്പോള്, സാങ്കേതികതയുടെ പാരമ്യത്തിലാണെന്നു പറയാം. അഡിഡാസ് നിര്‍മിച്ച ട്രിയോന്‍ഡ പന്താണ് 2026 ഫിഫ ലോകകപ്പില്‍ ഉപയോഗിക്കുന്നത്. ഇതിനുള്ളില്‍ സെന്‍സറിനായി ഒരു ചിപ്പ് ഘടിപ്പിചിച്ചിരിക്കുന്നു. ഓരോ സെക്കന്‍ഡിലും 500 ഡാറ്റകളാണ് ഈ സെന്‍സര്‍ ശേഖരിക്കുന്നത്. പന്തിന്റെ ചലനവും, അതിലുള്ള ഓരോ ടച്ചും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു.
വിഎആര്‍ സംവിധാനവുമായി ഇതെല്ലാം ബന്ധിപ്പിച്ചിരിക്കുന്നു. അതോടെ, മത്സരം നിയന്ത്രിക്കുന്ന റഫറിയുടെ ഇയര്‍ ബഡ്സിലേക്ക് സന്ദേശങ്ങള്‍ എത്തും. അവസാനം ഏത് കളിക്കാരനാണ് പന്ത് ടച്ച് ചെയ്തത്, ഹാന്‍ഡ്ബോള്‍, ഫൗള്‍ തുടങ്ങിയ ഓരോ സംഭവവും റഫറിക്കു മനസിലാക്കാം. റഫറിയിംഗ് സുഗമമാകാന്‍ ഇതില്‍പ്പരം എന്തുവേണം!
കളിക്കാരെ സ്കാന്‍ ചെയ്യും
കളിക്കാരെ സ്കാൻ ചെയ്തശേഷം കളത്തിലിറക്കുന്ന ഒരു കാലഘട്ടവും ഞങ്ങളുടെ സമയത്ത് ചിന്തയ്ക്ക് അപ്പുറം. 2026 ലോകകപ്പില്‍ പങ്കെടുക്കുന്ന 48 രാജ്യങ്ങളിലെയും കളിക്കാരെ ഇതിനോടകം ഫിഫ സ്കാൻ ചെയ്തുകഴിഞ്ഞു. അതായത് 23-ാം ലോകകപ്പില്‍ കളിക്കുന്ന 1248 കളിക്കാരും സ്കാനിംഗിനു വിധേയരായി.
ഓരോ കളിക്കാരുടെയും ത്രീ ഡി ഡിജിറ്റല്‍ മോഡല്‍ ഇതിനോടകം ഫിഫയുടെ ഡേറ്റയില്‍ എത്തി. ഇതിന്റെ കളത്തിലെ ഉപയോഗം ഓഫ് സൈഡ് അടക്കമുള്ളതിലാണ്. ഒരു താരം ഓഫ് സൈഡ് ആണോ എന്നത് നിഷ്പ്രയാസം കണ്ടെത്താം. അതായത്, ഓരോ സെക്കന്‍ഡിലും കളിക്കളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ത്രീ ഡി ദൃശ്യം ശേഖരിക്കപ്പെടുന്നു. അത് എഐയുമായി ചേര്‍ത്ത് ഫൗള്‍ അടക്കമുള്ളത് വിശകലനം ചെയ്യാം. അതായത്, എഐ നിയന്ത്രണത്തിലുള്ള ആദ്യ ഫിഫ ലോകകപ്പിനാണ് വ്യാഴാഴ്ച കിക്കോഫ് നടക്കുക.
ട്രിയോന്‍ഡ
സ്പാനിഷ് ഭാഷയില്‍ ട്രിയോണ്ട എന്നാല്‍ മൂന്ന് തരംഗങ്ങള്‍ എന്നാണ്. 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്സിക്കോ, അമേരിക്ക രാജ്യങ്ങള്‍ക്കുള്ള ആദര സൂചകമാണ് ഈ പേര്. കാനഡയുടെ പ്രതീകമായി ചുവപ്പ് നിറവും മേപ്പിള്‍ ഇലയും മെക്സിക്കോയ്ക്കായി പച്ചയും ഗോള്‍ഡന്‍ ഈഗിളിന്റെ തലയും അമേരിക്കയെ പ്രതിനിധാനം ചെയ്ത് നീലനിറവും അഞ്ച് കോണുള്ള നക്ഷത്രവും പന്തില്‍ ആലേഖനം ചെയ്തിരിക്കുന്നു.
മുന്‍ ലോകകപ്പുകളിലെ സ്മാര്‍ട്ട് പന്തുകളില്‍ സെന്‍സര്‍ നടുവിലായിരുന്നു ഘടിപ്പിച്ചിരുന്നത്. ട്രിയോണ്ടയില്‍ ഇത് പന്തിനുള്ളിലെ ഒരു പ്രത്യേക പാളിയില്‍ വശങ്ങളോടൊപ്പമാണ്. പന്തിന്റെ ഹൃദയമിടിപ്പ് എന്നാണ് സെന്‍സറിനെ അഡിഡാസ് വിശേഷിപ്പിക്കുന്നത്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലാണ് പന്ത് നിര്മിച്ചെന്നതും ശ്രദ്ധേയം.
Sports
ഒഹിയൊ/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പിനായി വമ്പന്‍ ടീമുകള്‍ ജയത്തോടെ ഓള് സെറ്റ്... സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, ബെര്‍ജിയം എന്നീ വമ്പന്മാര് ജയം സ്വന്തമാക്കി.
എന്‍ഡ്രിക്കിലൂടെ ബ്രസീല്‍
കൗമാരക്കാരന് എന്‍ഡ്രിക്കിന്റെ ഗോളില്‍ ബ്രസീലിനു ജയം. മുഹമ്മദ് സലയുടെ ഈജിപ്തിനുമേൽ ഒന്നിന് എതിരേ രണ്ട് ഗോളിനാണ് ബ്രസീല്‍ ജയം സ്വന്തമാക്കിയത്. ഹാഫ് ടൈം സബ്സ്റ്റിറ്റ്യൂഷനിലൂടെ കളത്തിലെത്തി ഏഴാം മിനിറ്റിലായിരുന്നു എന്‍ഡ്രിക്കിന്റെ ഗോള്‍.
ഒഹിയോയിലെ ക്ലേവ്ലാന്ഡില് നടന്ന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ കാനറികള്‍ ലീഡ് നേടി. ന്യൂകാസില്‍ യുണൈറ്റഡിന്റെ മധ്യനിരക്കാരനായ ബ്രൂണോ ഗുയിമറാസാണ് ഈജിപ്തിന്റെ വല കുലുക്കിയത്. എന്നാല്‍, മൂന്നു മിനിറ്റിനുള്ളില്‍ ഈജിപ്ത് ഗോള്‍ മടക്കി. മാര്‍ക്കീഞ്ഞോസിന്റെ പിഴവില്‍നിന്നു ലഭിച്ച പന്ത് മുസ്തഫ സീക്കോ വലയിലാക്കുകയായിരുന്നു.
പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മറിന്റെ അഭാവത്തില്‍ ഇറങ്ങിയ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്കു ലക്ഷ്യമില്ലായിരുന്നു. വിനീഷ്യസ് ജൂണിയറിനും ഇഗോര്‍ തിയാഗോയ്ക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. തിയാഗോയ്ക്കു പകരം രണ്ടാം പകുതിയില്‍ എന്‍ഡ്രിക് കളത്തില്‍. 52-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ക്രോസില്‍ എന്‍ഡ്രിക്കിന്റെ സൂപ്പര്‍ ഫിനിഷ്. 2-1ന്റെ ജയത്തോടെ ബ്രസീല്‍ കളംവിട്ടു.
കെയ്ന്‍ ഗോളില്‍ ഇംഗ്ലണ്ട്
ന്യൂസിലന്‍ഡിന് എതിരായ സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനു ജയം. 45-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഗോളില്‍ 1-0ന് ആയിരുന്നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ ഈ സീസണില്‍ രാജ്യത്തിനും ക്ലബ്ബിനുമായി ഹാരി കെയ്ന്‍ നേടിയ ഗോളുകളുടെ എണ്ണം 67 ആയി.
ജര്‍മനി, ബെല്‍ജിയം
യൂറോപ്യന്‍ കരുത്തരായ ജര്‍മനിയും ബെല്‍ജിയവും സൗഹൃദങ്ങളില്‍ ജയം സ്വന്തമാക്കി. ആതിഥേയരായ അമേരിക്കയെ ഒന്നിന് എതിരേ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോല്‍പ്പിച്ചു. കായ് ഹവേര്‍ട്ട്സ് (2), ലെറോയ് സനെ (57) എന്നിവരായിരുന്നു ജര്‍മനിക്കായി ഗോള്‍ നേടിയത്. ആന്റണി റോബിന്‍സണ്‍ (37) അമേരിക്കയ്ക്കായി ആശ്വാസ ഗോള്‍ നേടി. കെവിന് ഡിബ്രൂയിന് സ്കോര്‍ ചെയ്ത പോരാട്ടത്തില്‍ ബെല്‍ജിയം 5-0ന് ടുണീഷ്യയെ തകര്‍ത്തു.
Sports
ടെക്സാസ്: ഫിഫ 2026 ലോകകപ്പിനു മുന്നോടിയായി അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. പരിക്കേറ്റ് വിശ്രമത്തിലായിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസി പരിശീലനം പുനരാരംഭിച്ചു.
ഇന്നു നടക്കുന്ന ടീമിന്റെ ആദ്യ പരിശീലന മത്സരത്തില്‍ മെസി കളിച്ചേക്കുമെന്നും മുഖ്യപരിശീലകന്‍ ലിയോണല്‍ സ്കലോനി അറിയിച്ചു. വെള്ളിയാഴ്ച ടീമിനൊപ്പം മെസി പരിശീലനം നടത്തി.
ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 5.30ന് ഹോണ്ടുറാസിന് എതിരേയാണ് അര്‍ജന്റീനയുടെ പരിശീലന മത്സരം. 10ന് ഐസ്ലന്ഡിനെതിരേയും കളിക്കും. മെസി പരിശീലന മത്സരത്തില്‍ കളിക്കുമെന്ന സൂചനയും സ്കലോനി നല്കി.
Sports
ലണ്ടന്‍: ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം കരുത്തരാണെങ്കിലും ചാമ്പ്യന്മാരാകാനുള്ള കെല്‍പ്പില്ലെന്ന് മുന്‍താരം അലന് ഷിയറര്‍.
ശക്തമായ എതിരാളികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് വീണേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1998 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്നു ഷിയറര്‍.
ഹാരി കെയ്ന്‍ അടക്കമുള്ള മികച്ച കളിക്കാര്‍ ഇംഗ്ലണ്ടിനുണ്ട്. സ്പെയിന്, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, ചിലപ്പോള്‍ പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളില്‍ ഒന്നായിരിക്കും ലോകകപ്പ് നേടുകയെന്നും ഷിയറര്‍ പറഞ്ഞു.
18ന് ക്രൊയേഷ്യയ്ക്ക് എതിരേയാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ആദ്യമത്സരം.
Sports
ഒഹിയൊ: ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന സൗഹൃദ മത്സരത്തിലും സൂപ്പര്‍ താരം നെയ്മര്‍ ടീമിനൊപ്പം ഉണ്ടാകില്ല. കാലിന്റെ പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം മുതല്‍ മാത്രമായിരിക്കും നെയ്മര്‍ കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പരിക്ക് ഗൗരവമുള്ളതാണെന്നും നെയ്മര്‍ ലോകകപ്പ് ടീമില്‍നിന്നും പുറത്തുപോകുമെന്നും അഭ്യൂഹമുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ഈജിപ്തിന് എതിരേയാണ് ബ്രസീലിന്റെ അവസാന സൗഹൃദ മത്സരം. 14ന് മൊറോക്കോയാണ് ലോകകപ്പില്‍ കാനറികളുടെ ആദ്യ എതിരാളി.
Sports
അന്റാലിയ (തുര്‍ക്കി): ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള സന്നാഹ മത്സര യുദ്ധം ജയിച്ച് ഇറാന് എത്തുന്നു.
ലോകകപ്പിനു മുന്നോടിയായുള്ള രണ്ട് സന്നാഹവും ജയിച്ചാണ് ഇറാന്റെ വരവ്. രണ്ടാം സൗഹൃദത്തില്‍ ഇറാന് 2-0ന് മാലിയെ കീഴടക്കി. ആദ്യ സൗഹൃദത്തില്‍ 3-1ന് ഗാംബിയയെയാണ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്. 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ആദ്യ മത്സരം.
Sports
ന്യൂയോര്‍ക്ക്: 2026 ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങള്‍ക്കു മുമ്പായുള്ള ദേശീയ ഗാനാലാപന സമയത്ത് ടീമിലെ മുഴുവന്‍ അംഗങ്ങളും ഗ്രൗണ്ടില്‍ എത്തണമെന്ന പുതിയ പരിഷ്കാരവുമായി ഫിഫ. ടീമിലെ 26 കളിക്കാരും ദേശീയഗാന സമയത്ത് എത്തണമെന്നു ഫിഫ അറിയിച്ചു.
മുന്‍ലോകകപ്പുകളില്‍ മത്സരത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവന് മാത്രമായിരുന്നു ദേശീയഗാനത്തിനായി മൈതാനത്ത് എത്തിയിരുന്നത്.
Sports
വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പ് വേദികളിലേക്ക് കുപ്പി വെള്ളം കാണികൾ കൊണ്ടുപോകുന്നതിന് വിലക്ക്. ഒരു ലിറ്റർവരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ, ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവയ്ക്കടക്കം സ്റ്റേഡിയത്തിൽ നിരോധനമേർപ്പെടുത്തി.
കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഫിഫയുടെ തീരുമാനം.
കാണികൾക്ക് സ്റ്റേഡിയത്തിനകത്തുനിന്ന് വെള്ളം വാങ്ങാൻ സാധിക്കുമെന്നും ഇതിനായി സാധാരണ നിരക്കിൽ കൂടുതൽ തുക ഈടാക്കില്ലെന്നും ഫിഫ ഉറപ്പുനൽകി. ഖത്തർ ലോകകപ്പിലും സ്റ്റേഡിയങ്ങളിലേക്ക് കുപ്പി വെള്ളവുമായി പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.
Sports
മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോഹ പന്താരവത്തിന് ഇനി ആറ് ദിനം മാത്രം. അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന 23-ാം എഡിഷന് 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ പോരാടും. ആകെ 114 മത്സരം. 11ന് തുടങ്ങി ജലൈ 19ന് ന്യൂ ജഴ്സിയിൽ അവസാനിക്കും.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഇറാന്റെയും എബോള പൊട്ടിപ്പുറപ്പെട്ടതിനാൽ ഡിആർ കോംഗോയുടെയും പങ്കാളിത്തം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും ഒടുവിൽ എല്ലാ ടീമുകളും കാൽപന്ത് ആവേശത്തിന് തയാറായി.
◄ഫിഫ ലോകകപ്പ് ഷെഡ്യൂൾ ►
തീയതി, മത്സരം, സമയം (ഇന്ത്യ), സ്റ്റേഡിയം ക്രമത്തിൽ...
Sports
മെക്സിക്കോ: കാൽപന്തുകളിയുടെ വസന്തം ആഘോഷിക്കാൻ ഇനി ഏഴ് ദിവസത്തെ കാത്തിരിപ്പ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ 2026 ലോകകപ്പിൽ 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ മാറ്റുരയ്ക്കും.
പുതിയ ലോക ചാന്പ്യൻ സീസണിൽ ഉണ്ടാകുമോ? അതോ 2022ൽ കിരീടം നേടിയ അർജന്റീന നിലനിർത്തുമോ എന്നറിയാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ദൈർഘ്യം കൂടുതൽ
ടീമുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ ലോകകപ്പ് കൂടിയാണിത്. 32 ടീമുകളുള്ള ഫോർമാറ്റിൽനിന്ന് 16 എണ്ണം കൂട്ടി 48 ടീമുകളാണ് ഇത്തണ മത്സരിക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള പത്ത് ടീമുകൾ. ഏഷ്യയിൽനിന്ന് ഒന്‍പത്.
ഒരു ലോകകപ്പ് വിജയിയെ പോലും സൃഷ്ടിച്ചിട്ടില്ലാത്ത രണ്ട് ഭൂഖണ്ഡങ്ങൾ- യൂറോപ്പിലെ 16ഉം ദക്ഷിണ അമേരിക്കയിലെ ആറ് ടീമും പോർ കളത്തിൽ സാന്നിധ്യമറിയിക്കും. 39 ദിവസ പോരാട്ടത്തിൽ ആകെ 104 മത്സരങ്ങൾ. 2026 ഫിഫ ലോകകപ്പ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പ് എന്ന ചരിത്രം കുറിക്കും.
12ന് മെക്സിക്കോയിൽ ആരംഭിച്ച് ജൂലൈ 20ന് ന്യൂജഴ്സി സ്റ്റേഡിയത്തിൽ കിരീട പോരാട്ടത്തോടെ കാൽ പന്ത് ആവേശം അവസാനിക്കും.
ഗ്രൂപ്പുകൾ:
ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ചെക്കിയ
ഗ്രൂപ്പ് ബി: കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ, ബോസ്നിയ ആൻഡ് ഹെർസഗോവിന
ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, സ്കോട്ട്ലൻഡ്, ഹെയ്തി
ഗ്രൂപ്പ് ഡി: യുഎസ്എ, പരാഗ്വെ, ഓസ്ട്രേലിയ, തുർക്കി
ഗ്രൂപ്പ് ഇ: ജർമനി, ഇക്വഡോർ, ഐവറി കോസ്റ്റ്, കുറകാവോ
ഗ്രൂപ്പ് എഫ്: നെതർലാൻഡ്സ്, ജപ്പാൻ, സ്വീഡൻ, ടുണീഷ്യ
ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച്: സ്പെയിൻ, ഉറുഗ്വെ, സൗദി അറേബ്യ, കേപ് വെർഡെ
ഗ്രൂപ്പ് ഐ: ഫ്രാൻസ്, സെനഗൽ, നോർവേ, ഇറാഖ്
ഗ്രൂപ്പ് ജെ: അർജന്റീന, ഓസ്ട്രിയ, അൾജീരിയ, ജോർദാൻ
ഗ്രൂപ്പ് കെ: പോർച്ചുഗൽ, കൊളംബിയ, ഡിആർ കോംഗോ, ഉസ്ബക്കിസ്ഥാൻ
ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
Sports
മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇനി എട്ട് ദിവസം ബാക്കി. ഓരോ ടീമും തയാറെടുപ്പിന്റെ പൂർണതയിലേക്ക് കടന്നു. മത്സരം തത്സമയം വീക്ഷിക്കാനുള്ള ഇന്ത്യൻ ആരാധകരുടെ ആശങ്കയ്ക്കും കഴിഞ്ഞ ദിവസം പരിഹാരമായി.
ഇന്ത്യയിലെ സംപ്രേഷണാവകാശം സീ ന്യൂസ് സ്വന്തമാക്കി. എന്നാൽ ഇന്ത്യൻ ആരാധകർക്ക് മറ്റൊരു സന്തോഷം കൂടി ഇത്തവണത്തെ ലോകകപ്പിനുണ്ട്.
ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും ഒരു മലയാളിയടക്കം രണ്ട് ഇന്ത്യൻ താരങ്ങൾ പന്ത് തട്ടും.
ഖത്തറിനായി മലയാളി താരം തഹ്സിൻ മുഹമ്മദും ന്യൂസിലൻഡിനായി പഞ്ചാബ് സ്വദേശി സർപ്രീത് സിംഗും.
Sports
പാരിസ്: ഫിഫ ലോകകപ്പിനുള്ള കനേഡിയൻ ദേശീയ ടീമിനൊപ്പം അൽഫോൻസോ ഡേവീസ് ചേർന്നു. പരിക്ക് വലയ്ക്കുന്ന താരം കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.
കഴിഞ്ഞ മാസം നടന്ന ചാന്പ്യൻസ് ലീഗ് സെമിഫൈനലിൽ താരത്തിന് ലെഫ്റ്റ് ബാക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു.
കാനഡയ്ക്കായി 58 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുള്ള ഡേവിസിനെ ലോകകപ്പിനുള്ള 26 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
Sports
ഇവര്‍ ഈ ലോകകപ്പിന്റെ നഷ്ടം
ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണു ബാക്കി. ലോകം കാറ്റുനിറച്ച പന്തിലേക്കു ചുരുങ്ങുമ്പോള്‍ ആരാധകരുടെ നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളാണ് വിവിധ രാജ്യങ്ങളില്‍നിന്നു പുറത്തുവന്നത്. പരിശീലകരുടെ അപ്രതീക്ഷിത തീരുമാനങ്ങള്‍, പരിക്കുകള്‍, ടീമുകള്‍ യോഗ്യത നേടാന്‍ പരാജയപ്പെട്ടത് തുടങ്ങിയ കാരണങ്ങളാല്‍ ഏറെ പ്രതീക്ഷയേകിയിരുന്ന ചില സൂപ്പര്‍താരങ്ങളുടെ അസാന്നിധ്യമാണ് ആരാധകര്‍ക്കു നിരാശയേകുന്നത്.
പരിശീലകരുടെ തന്ത്രപരമായ ഒഴിവാക്കലുകള്‍
ലോകകപ്പിനുള്ള 26 അംഗ ഫൈനല്‍ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനം ജൂണ്‍ ഒന്നായിരുന്നു. ലോകകപ്പിനുള്ള 48 ടീമുകളും 26 അംഗ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകുട്ബോളിലെ മുന്‍നിരക്കാരും അഞ്ചു തവണ ലോകജേതാക്കളുമായ ബ്രസീല്‍ ആണ് ആദ്യം 26 അംഗ ടീമിനെ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്ന്.
രണ്ടാഴ്ചയ്ക്കു മുന്നേ അന്തിമ ടീമിനെ പ്രഖ്യാപിച്ച ബ്രസീലിന്റെ ഇറ്റാലിയന്‍ മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി പക്ഷെ ആരാധകരുടെ നെഞ്ചു തകരാതിരിക്കാന്‍ പക്ഷെ ഒരു വന്‍ പുലിയെ കുരുതികൊടുത്തു. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ പൂര്‍ണമായും ഫിറ്റ് ആയിരുന്നില്ലെങ്കിലും താരത്തെ ടീമിലെടുക്കാനുള്ള രാജ്യത്തിന്റെ ഒന്നാകെയുള്ള മുറവിളിക്കു ചെവികൊടുക്കാതിരിക്കാന്‍ കര്‍ക്കശക്കാരനായ ആഞ്ചലോട്ടിക്കുമായില്ല.
നെയ്മറുടെ സാന്നിധ്യം തന്നെ ടീമിന് വന്‍ ഉത്തേജനം ഏകുമെന്നതൊക്കെ ശരിയാണെങ്കിലും ഫുട്ബോളില്‍ അത്തരം സെന്റിമെന്സുകള്ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. ഫിറ്റ് ആണെങ്കില്‍ മാത്രം നെയ്മര്‍ ടീമില്‍ എന്ന ആദ്യ നിലപാട് പക്ഷെ, ലോകകപ്പില്‍ ദുരന്തമാണു ടീമിനെ കാത്തിരിക്കുന്നതെങ്കില്‍ തന്നെ എത്രമാത്രം വേട്ടയാടുമെന്ന തിരിച്ചറിവിലാകാം, ആഞ്ചലോട്ടി തിരുത്തി.
ഫിറ്റല്ലാത്ത നെയ്മറെ ടീമിലെടുക്കാന്‍ പക്ഷെ ബലി കൊടുത്തത് ഉജ്വല ഫോമില്‍ കളിച്ചുകൊണ്ടിരുന്ന യുവതാരം ജാവോ പെഡ്രോയെ. ബ്രസീലില്‍ പ്രതിഭകള്‍ക്കു പഞ്ഞമില്ലെങ്കിലും ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ ഇക്കഴിഞ്ഞ സീസണില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ പെഡ്രോയെ ടീമിലെടുക്കാത്തത് ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു.
പരിക്കിന്റെ പിടിയിലുള്ള നെയ്മറാകട്ടെ ആദ്യ രണ്ടു മത്സരങ്ങള്‍ക്ക് ടീമില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വിംഗര്‍മാരായ എസ്റ്റവായോ, സാവീഞ്ഞോ എന്നിവര്‍ക്കു മുന്നിലും മഞ്ഞക്കുപ്പായക്കാരുടെ ടീമിലേക്കുള്ള വാതില്‍ അടഞ്ഞു.
ഫോമിലായിരുന്നിട്ടും അനുഭവസമ്പത്തുണ്ടായിട്ടും പരിശീലകരുടെ കര്‍ശനമായ തന്ത്രങ്ങള്‍ക്കു ചേരാത്തതിനാല്‍ ടീമില്‍നിന്നു പുറത്തായ താരങ്ങളുടെ എണ്ണവും കുറവല്ല. റയാല്‍ ബെറ്റിസില്‍ ഉജ്വലഫോമിലേക്കു തിരിച്ചെത്തിയ ആന്റണിക്കും ഉറുഗ്വായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്വേട്ടക്കാരന് 39കാരനായ ലൂയിസ് സുവാരസിനും വിലങ്ങുതടിയായതും ഇതുതന്നെ.
ഫുട്ബോള്‍ അസോസിയേഷനുമായുള്ള പടലപ്പിണക്കങ്ങള്‍ കാരണം റയാലിന്റെ സൂപ്പര്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയിസിനെ ബെല്‍ജിയം ടീമില്‍നിന്നു പുറത്താക്കിയതാണ് ഞെട്ടിച്ച മറ്റൊരു വാര്‍ത്ത.
ഇംഗ്ലണ്ട് ടീമിന്റെ പുതിയ പരിശീലകന് തോമസ് ടുഹല്‍ ആകട്ടെ ചെല്‍സിയുടെ വജ്രായുധം കോള്‍ പാമറെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരക്കാരന് ഫില്‍ ഫോഡനെയും അവസാന 26ലേക്ക് പരിഗണിച്ചില്ല. ട്രെന്റ് അലക്സാണ്ടര്‍ ആര്‍ണോള്‍ഡും വെറ്ററന്‍ ഡിഫന്‍ഡര്‍ ഹാരി മഗ്വയറുമാണ് ടീമില്‍ ഇടംനേടാത്ത മറ്റു ഇംഗ്ലീഷ് താരങ്ങള്‍.
സ്പെയിന് പരിശീലകന് ലൂയിസ് ഡി ലാ ഫ്യൂന്റെ റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കാതിരുന്നതും കായികലോകത്ത് വലിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നിട്ടുണ്ട്. റയലിന്റെ യുവ ഡിഫന്‍ഡര്‍ ഹുയ്സനും വെറ്ററന്‍ താരം കാര്‍വജാലുമാണ് വെട്ടിനിരത്തപ്പെട്ടത്.
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാകട്ടെ വെറ്ററന്‍ പ്ലേമേക്കര്‍ പൗളോ ഡിബാലയ്ക്ക് ഇത്തവണ അവസരം നല്‍കിയില്ല. യുവതാരങ്ങളായ റയാലിന്റെ ഫ്രാങ്കോ മസ്റ്റാന്റുവാനോ, ചെല്‍സിയുടെ അലയാന്ദ്രോ ഗര്‍നാച്ചോ, ജിയാന്‍ലൂക്ക പ്രസ്റ്റിയാനി എന്നിവര്‍ക്കും ടീം മാനേജര്‍ സ്കലോണി അവസരം നല്‍കിയില്ല. റയലിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗയ്ക്ക് ഫ്രാന്‍സും അവസരം നിഷേധിച്ചു.
പരിക്ക് തകര്‍ത്ത സ്വപ്നങ്ങള്‍
ബ്രസീലിന്റെ സൂപ്പര്‍താരം റോഡ്രിഗോയും വെറ്ററന്‍ ഡിഫന്‍ഡര്‍ എഡര്‍ മിലിറ്റാവോയും പരിക്കുമൂലം ഇത്തവണ ടീമില്ല. റോഡ്രിഗോയ്ക്കു മാര്‍ച്ചില്‍ റയാലിനായി കളത്തിലിറങ്ങിയപ്പോള്‍ സംഭവിച്ച എസിഎല് പരിക്കാണ് ലോകകപ്പ് നഷ്ടമാക്കിയതെങ്കില്‍ മിലിറ്റാവോയ്ക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറിയും ഫ്രഞ്ച് സ്ട്രൈക്കര്‍ ഹ്യൂഗോ എക്കിറ്റികെയ്ക്ക് അക്കിലിസ് ഇഞ്ചുറിയുമാണ് വിനയായത്.
നെതര്‍ലന്‍ഡ്സിന്റെ യുവവിസ്മയം സാവി സിമോണ്സിനും പരിക്ക് വില്ലനായി എത്തി. ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജീ നാബ്രി, സ്പാനിഷ് താരം ഫെര്മെയ്ന് ലോപസ്, ജപ്പാന്റ കൗരു മിറ്റോമ, ആതിഥേയരായ മെക്സിക്കോയുടെ ലൂയിസ് മലഗോന് എന്നിവരും പരിക്കുമൂലം ഇത്തവണ ലോകകപ്പിനില്ല.
ഹൃഭയഭേദകം ഈ അയോഗ്യത
വ്യക്തിഗതമായി മികച്ച ഫോമില്‍ തുടരുമ്പോഴും സ്വന്തം രാജ്യം ലോകകപ്പിന് യോഗ്യത നേടാത്തതിനാല്‍ മെഗാ ടൂര്‍ണമെന്റെ നഷ്ടമാകുന്ന വലിയൊരു വിഭാഗം കളിക്കാരുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പേര് പോളണ്ടിന്റെ ഇതിഹാസ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്ഡോവ്സ്കിയുടേതാണ്. യോഗ്യതാ റൗണ്ടിലെ പ്ലേഓഫ് മത്സരത്തില്‍ പോളണ്ട് പരാജയപ്പെട്ടതോടെ തന്റെ കരിയറിലെ അവസാന ലോകകപ്പ് കളിക്കാമെന്ന ലെവന്‍ഡോവ്സ്കിയുടെ മോഹങ്ങളാണു പൊലിഞ്ഞത്.
നാലു തവണ ലോകജേതാക്കളായ ഇറ്റലി ഇത്തവണയും യോഗ്യത നേടാതെ പുറത്തായതോടെ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ, സാന്ദ്രോ ടൊണാലി എന്നീ പ്രമുഖര്‍ ഇത്തവണ ബിഗ് സ്റ്റേജിലുണ്ടാകില്ല.
ഹംഗറിയുടെ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഡൊമിനിക് സൊബോര്സലായ്, ജോര്‍ജിയയുടെ പിഎസ്ജി സൂപ്പര്‍താരം ക്വിച്ച ഖരത്സ്കേലിയ, നൈജീരിയയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ വിക്ടര്‍ ഒസിമെന്, അഡെമൊല ലൂക്ക്മാന്, ചിലിയുടെ വെറ്ററന്‍ താരം അലക്സിസ് സാഞ്ചസ് തുടങ്ങിവര്‍ക്കും ഉത്തവണ ലോകകപ്പ് നഷ്ടമായി.
Sports
ലണ്ടൻ: ഫുട്ബോൾ നിയമങ്ങളിൽ മാറ്റവുമായി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി). 2026-27 സീസണ് മുതൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ നിയമങ്ങളിലും മാറ്റം ബാധകമാണ്. ജൂണ്‍ 11ന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്.
വിവേചനം ഇല്ലാതാക്കുക, സമയം പാഴാക്കൽ കുറയ്ക്കുക, മത്സര വേഗത വർധിപ്പിക്കുക, മത്സരം കൂടുതൽ ആസ്വാദ്യകരമാക്കുക തുടങ്ങിയവയാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് ഫിഫ അധികൃതർ വ്യക്തമാക്കി.
എതിരാളികളോടോ റഫറിയോടോ സംസാരിക്കുന്പോൾ വാ പൊത്തുന്നത് താരത്തെ പുറത്താക്കുന്നതിലേക്ക് നയിക്കാം. വിവേചനപരമോ അപമാനകരമോ കായികവിരുദ്ധമോ ആയ സംഭാഷണങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മനഃപൂർവം കളം വിടുന്ന കളിക്കാരനെ മത്സരത്തിൽനിന്ന് പുറത്താക്കും. കളിക്കാരെ കളം വിടാൻ പ്രേരിപ്പിക്കുന്ന ടീം ഒഫീഷ്യലുകൾക്കും ഈ നിയമം ബാധകമാകും.
ഗോൾകീപ്പർമാർക്ക് 8 സെക്കൻഡ് നിയമം: പുതിയ നിയമപ്രകാരം ഗോൾകീപ്പർക്ക് പെനാൽറ്റി ബോക്സിനുള്ളിൽ പന്ത് കൈയില്‍ വയ്ക്കാവുന്ന പരമാവധി സമയം എട്ട് സെക്കൻഡ് മാത്രമായിരിക്കും. ഇതിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചാൽ എതിർ ടീമിന് കോർണർ കിക്ക് അനുവദിക്കും.
കൗണ്ട്ഡൗണ്‍: ത്രോ-ഇന്നുകളോ ഗോൾ കിക്കുകളോ എടുക്കാൻ കളിക്കാർ മനഃപൂർവം വൈകിച്ചാൽ റഫറിമാർക്ക് അഞ്ച് സെക്കൻഡ് വിഷ്വൽ കൗണ്ട്ഡൗണ്‍ ആരംഭിക്കാം. ഈ സമയത്തിനുള്ളിൽ കളി പുനരാരംഭിച്ചില്ലെങ്കിൽ പന്തിന്റെ നിയന്ത്രണം എതിർ ടീമിന് ലഭിക്കും.
സബ്സ്റ്റിറ്റ്യൂഷനുകൾക്ക് സമയപരിധി: പിൻവലിക്കപ്പെടുന്ന കളിക്കാരൻ സബ്സ്റ്റിറ്റ്യൂഷൻ സിഗ്നൽ വന്ന് 10 സെക്കൻഡിനുള്ളിൽ മൈതാനത്തിന് പുറത്തുപോകണം.
പരിക്കേറ്റ കളിക്കാരെ മൈതാനത്തിന് പുറത്ത് പരിശോധിക്കൽ: മൈതാനത്ത് വെച്ച് പ്രാഥമിക ശുശ്രൂഷ നൽകേണ്ടി വരികയോ പരിക്കുമൂലം കളി തടസപ്പെടുകയോ ചെയ്താൽ കളി പുനരാരംഭിക്കുന്പോൾ ആ കളിക്കാരൻ നിർബന്ധമായും മൈതാനത്തിന് പുറത്തുപോകണം. പിന്നീട് കുറഞ്ഞത് ഒരു മിനിറ്റ് കഴിഞ്ഞ ശേഷമേ തിരികെ കയറാൻ അനുവാദമുള്ളൂ.
വിപുലീകരിച്ച വാർ സംവിധാനം: മുന്‍പ് നേരിട്ടുള്ള ചുവപ്പ് കാർഡുകൾ മാത്രമാണ് വിഎആർ പരിശോധിച്ചിരുന്നതെങ്കിൽ ഇനി മുതൽ രണ്ടാമത്തെ മഞ്ഞക്കാർഡ് (തുടർന്ന് ലഭിക്കുന്ന ചുവപ്പ് കാർഡ്), മാറിപ്പോകുന്ന കളിക്കാരുടെ ഐഡന്റിറ്റി, തെറ്റായി അനുവദിച്ച കോർണർ കിക്കുകൾ എന്നിവയും വാറിന്റെ പരിധിയിൽ വരും.
Sports
ഉറുഗ്വെ: അമേരിക്കൻ ഫുട്ബോൾ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വെ. വെറ്ററൻ സ്്രെടെക്കർ ലൂയിസ് സുവാരസിനെ ഒഴിവാക്കി. കഴിഞ്ഞദിവസമാണ് പരിശീലകൻ മാഴ്സലോ ബീൽസ യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ചത്.
2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നെങ്കിലും പിന്നീട് ദേശീയ ടീം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കളിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പരിശീലകനുമായുള്ള പ്രശ്നങ്ങാണ് ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെടാനിടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ 11 വർഷമായി ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു 39കാരനായ സുവാരസ്.
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ടീമിലുൾപ്പെട്ട താരം പിന്നീട് എല്ലാ ലോകകപ്പുകളും ടീമിനായി കളിച്ചു. ഇതാദ്യമായാണ് താരത്തെ ഒഴിവാക്കുന്നത്.
യോഗ്യതാ മത്സരങ്ങളിൽ കളിച്ച നഹിതൻ നാൻഡസിനെയും ഒഴിവാക്കിയിട്ടുണ്ട്. റയൽ മഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെ ടീമിലുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാനുവൽ ഉഗാർട്ട, അൽ ഹിലാലിന്റെ ഡാർവിൻ നുനെസ്, അത്ലറ്റിക്കോ മഡ്രിഡ് താരം ഹൊസെ മരിയ ഗിമനെസ്, ബാഴ്സലോണയുടെ റൊണാൾഡ് അരൂഹോ, നാപ്പോളിയുടെ മത്യാസ് ഒലിവേര തുടങ്ങിയവരും ടീമിലുൾപ്പെട്ടു.
ലോകകപ്പിൽ, ഗ്രൂപ്പ് എച്ചിലാണ് ടീം ഉൾപ്പെട്ടിരിക്കുന്നത്. സ്പെയിൻ, സൗദി അറേബ്യ, കേപ് വെർദെ എന്നിവരാണ് ഉറുഗ്വെയുടെ എതിരാളികൾ.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പിനുള്ള അമേരിക്കന്‍ ടീമിനെ ടിം റീം നയിക്കും. യുഎസ്എയുടെ മുഖ്യപരിശീലകന്‍ മൗറീസ്യോ പോച്ചെറ്റീനോയാണ് ഇക്കാര്യം അറിയിച്ചത്. 38കാരനായ സെന്റര്‍ ബാക്ക് താരം പതിറ്റാണ്ടുകളായി ഇംഗ്ലീഷ് ക്ലബ് ഫുട്ബോളില്‍ സജീവമാണ്.
പോച്ചെറ്റീനോ അമേരിക്കയുടെ മുഖ്യപരിശീലകനായശേഷം കളിച്ച 23 മത്സരങ്ങളില്‍ 16ലും ടിം റീം ആയിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. 2022 ഖത്തര്‍ ലോകകപ്പില്‍ അമേരിക്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ 27കാരനായ ടെയ്ലര് ആഡംസ് ആയിരുന്നു.
ഗ്രൂപ്പ് ഡിയില്‍ പരാഗ്വെ, ഓസ്ട്രേലിയ, തുര്‍ക്കി ടീമുകള്‍ക്കൊപ്പമാണ് സഹ ആതിഥേയരായ അമേരിക്ക.
Sports
പ്രോവോ (അമേരിക്ക): സണ്‍ ഹ്യൂങ് മിന് തന്റെ ഗോള്‍ ക്ഷാമത്തിനു വിരാമമിട്ട മത്സരത്തില്‍ ദക്ഷിണകൊറിയയ്ക്കു വമ്പന്‍ ജയം.
ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തില്‍ സണ്‍ ഹ്യൂങ് മിന് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ദക്ഷിണകൊറിയ 5-0ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊയെ തകര്‍ത്തു.
40, 43 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു സണ്‍ ഹ്യൂങ് മിന്നിന്റെ ഗോളുകള്‍. ചോ ഗു സങ്ങും (65, 77) ഇരട്ടഗോള്‍ സ്വന്തമാക്കി. സണ്‍ ഹ്യൂങ് മിന്നിന്റെ രാജ്യാന്തര ഗോള്‍ നേട്ടം 143 മത്സരങ്ങളില്‍നിന്ന് 56 ആയി.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് എഫ്സി താരമായ സണ്‍ ഹ്യൂങ് മിന്, 2026 സീസണില്‍ ഇതുവരെ രണ്ട് ഗോള്‍ മാത്രമാണ് നേടിയത്.
ലോകകപ്പ് ഗ്രൂപ്പ് എയില്‍ ചെക് റിപ്പബ്ലിക്ക്, ദക്ഷിണാഫ്രിക്ക, സഹ ആതിഥേയരായ മെക്സിക്കോ ടീമുകള്‍ക്കൊപ്പമാണ് ദക്ഷിണകൊറിയ.
12ന് ചെക് റിപ്പബ്ലിക്കിന് എതിരേയാണ് ടീമിന്റെ ആദ്യ മത്സരം.
Sports
റിയൊ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍, ഫിഫ 2026 ലോകകപ്പ് ടീമില്‍ കളിക്കുമെന്നു മുഖ്യപരിശീലകന്‍ കാര്‍ലോ ആന്‍സിലോട്ടി.
കാലിന്റെ പരിക്കിനെത്തുടര്‍ന്ന് ബ്രസീല്‍ ടീം കോച്ച് നെയ്മറിന് രണ്ട്-മൂന്ന് ആഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ടീമിന്റെ ജഴ്സി നമ്പറുകള്‍ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 10-ാം നമ്പര്‍ ജഴ്സിലാണ് നെയ്മറിന്. വിനീഷ്യസ് ജൂണിയര്‍ ഏഴാം നമ്പര്‍ അണിയും.
പരിക്കിന്റെ പിടിയിലുള്ള നെയ്മറിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്നും ആന്‍സിലോട്ടി വ്യക്തമാക്കി. പരിക്കേറ്റ നെയ്മറിനെ ടീമില്‍നിന്നൊഴിവാക്കി പുതിയ കളിക്കാരനെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനായിരുന്നു ആന്‍സിലോട്ടി ഇങ്ങനെ മറുപടി നല്‍കിയത്.
ബ്രസീല്‍ ക്ലബ് സാന്റോസിനായി കളിക്കുന്നതിനിടെ മേയ് 17നാണ് നെയ്മറിനു പരിക്കേറ്റത്. പിന്നീട് ഇതുവരെ താരം കളത്തില്‍ ഇറങ്ങിയിട്ടില്ല.
ആദ്യ മത്സരത്തിന് എത്തും
ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് കാര്‍ലോ ആന്‍സിലോട്ടി വ്യക്തമാക്കി. ആദ്യ മത്സരത്തിനു മുമ്പ് പൂര്‍ണ ആരോഗ്യവാനായില്ലെങ്കില്, രണ്ടാം മത്സരത്തില്‍ തീര്‍ച്ചയായും നെയ്മര്‍ ഉണ്ടാകുമെന്നും ഇറ്റലിക്കാരനായ ആന്‍സിലോട്ടി കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് സിയില്‍ മൊറോക്കോ, ഹയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍.
Sports
പച്ചപ്പു വിരിച്ച115 x 74 അടി ദീർഘചതുരത്തട്ടിൽ കാൽപ്പന്തിൽ കാൽപ്പനികത നിറച്ച ഇതിഹാസങ്ങൾ ചരിത്രത്തിലേക്ക് പിൻവാങ്ങുകയാണ്; അതും ഫുട്ബോളിന്റെ ലോകവേദിയിൽ. അവർ വിട്ടുപോകും. ഓറ ഇനിയേത് ശിരസാകും പേറുക. ഈ ഓറ പേറാൻ കെൽപ്പുള്ള പ്ലെയേഴ്സ് വിരലെണ്ണത്തിൽ കൂടുതലുണ്ട്. അതിൽ 2026 ഫിഫ ലോകകപ്പിൽ തരംഗമാകാനെത്തുന്ന അഞ്ച് പേർ ഇതാ.
ലാമിൻ യമാൽ (സ്പെയിൻ)
മെസിയുടെ പകരക്കാരനെ തേടിയ എഫ്സി ബാഴ്സലോണ ലാമിൻ യമാലെന്ന നാട്ടുകാരൻ പയ്യൻസിനെയാണ് ആ പണിയേൽപ്പിച്ചത്. ഗോളടിപ്പിച്ചും അടിച്ചും കാറ്റലന്മാരെ അവൻ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ലോകകപ്പിലെ നോട്ടബിൾ ബോയ്സിൽ ആദ്യ പേരുകാരൻ യമാൽ തന്നെ. പ്രതിഭയുടെ മിന്നലാട്ടങ്ങൾ ലോകം പലവട്ടം അവനിൽ തെളിഞ്ഞുകണ്ടു. പരിക്കിന്റെ പിടിയിലാണെങ്കിലും ആദ്യ ഗ്രൂപ്പ് കളിക്കുശേഷം കളത്തിൽ കാണാനാകുമെന്നുറപ്പ്. സ്പെയിൻ കപ്പടിച്ചാൽ അത് 18കാരൻ യമാലിന്റെ കാൽ ബലത്താലാകും. ടൂർണമെന്റിലെ മികച്ച യുവതാരം, ഗോൾഡൻ ബോൾ റേസിലും മുന്നിൽ ഈ ലാ റോജ ബോയ് എത്തിയാൽ അദ്ഭുതമില്ല.
നിക്കോ പാസ് (അർജന്റീന)
മെസിയുടെ പിൻഗാമിയെന്ന വാഴ്ത്തുകൾ ഇതിനകം ഈ ചെക്കൻ കേട്ടുതുടങ്ങിയിട്ടുണ്ട്. സ്പെയിനിൽ ജനിച്ച് അർജന്റീനക്കുപ്പായത്തിൽ കളിക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർക്ക് പ്രായം 21. ഇറ്റാലിയൻ ക്ലബ് കോമോയുടെ താരമാണ്. ബോൾ കൺട്രോളാണ് മെയിൻ. ഗോളവസരങ്ങൾ തുറന്നെടുക്കാനും സമർഥൻ.
എൻഡ്രിക് (ബ്രസീൽ)
പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ബ്രസീലിന്റെ പുതുമുറക്കാരൻ. മുന്നേറ്റത്തിൽ എൻഡ്രിക് തിളങ്ങിയാൽ കാനറികൾ 2026 ഫിഫ ലോകകപ്പിൽ കൂടുതൽ ദൂരം താണ്ടും. അരനിമിഷത്തിൽ കളിയുടെ ഗതിതന്നെ തിരിക്കാൻ കഴിയുന്ന താരമാണ്. റയലിന്റെ താരമായിരുന്ന എൻഡ്രിക് ലോകോത്തരന്മാരുടെ കൂട്ടിയിടിക്കിടെ ഒളിമങ്ങി ഫ്രാൻസിലെ ഒളിമ്പിക് ലിയോണിലേക്ക് വായ്പയിൽപോയി. ഇവിടെ പഴയ ഫോമിലേക്ക് തിരികെയെത്താൻ എൻഡ്രിക്കിനായിട്ടുണ്ട്. റൊമാരിയോയാണ് 19കാരൻ എൻഡ്രിക്കിൽ ആരാധകർ കാണുന്നത്.
ആർദ ഗുലർ (തുർക്കി)
തുർക്കിയുടെ യുവതുർക്കിയാണ് ആർദ ഗുലർ. ബോക്സിനു വെളിയിൽനിന്നുള്ള ബുള്ളറ്റ് ഷോട്ടുകൾക്ക് പേരു കേട്ടതാണ് ഗുലറിന്റെ ബൂട്ടുകൾ. റയലിന്റെ പ്ലേമേക്കർ ഏറ്റവും സാങ്കേതികത്തികവുള്ള താരമായാണ് വിലയിരുത്തപ്പെടുന്നത്. 2025-26 ലാലിഗ സീസണിൽ റയലിനായി 14 അസിസ്റ്റുകൾ നടത്തി. തുർക്കിയുടെ കുതിപ്പ് ഗുലറിന്റെ ബൂട്ടിനെ ആശ്രയിച്ചാണ്. പ്രായം 21.
ഡിസിറെ ഡുയി (ഫ്രാൻസ്)
ഇരുപതുകാരൻ ഫ്രഞ്ച് പയ്യൻസ് ലോകത്തിലെ മികച്ച അറ്റാക്കിംഗ് പ്ലെയറാണ്. പിഎസ്ജിയുടെ മുന്നേറ്റനിരയിൽ മികച്ച ഫിനിഷറായി പേരെടുത്തുകഴിഞ്ഞു. വൺ ഓൺ വൺ സിറ്റുവേഷനുകളിൽ പതറാതെ ഗോളിലേക്ക് പന്തിനെ അയയ്ക്കാനുള്ള കഴിവാണ് വേറിട്ടു നിർത്തുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരട്ടഗോൾ നേടി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഡുയി വിംഗിലൂടെ ഇരച്ചുകയറിവരുന്നതും കാണാം. ഈ ഫ്രഞ്ച് മാന്റെ ഡ്രിബ്ലിംഗ് മികവും വേഗവും ഏതൊരു പ്രതിരോധനിരയ്ക്കും തലവേദനയാകും.
ഫ്രാൻസിന്റെ വാറൻ എംറി, ജർമൻ താരങ്ങളയ പാവ്ലോവിച്ച്, യമാൽ മുസിയാല, നെതർലൻഡ്സിന്റെ ചാവി സിമൺസ്, അർജന്റീനയുടെ അലക്സാന്ദ്രോ ഗർണാച്ചോ, സ്പെയിനിന്റെ പെദ്രി, ഗാവി, പോർച്ചുഗലിന്റെ ജാവോ നെവസ് എന്നിവരും ട്രിയോണ്ടയിൽ ഓളം സൃഷ്ടിക്കാൻ കഴിവുള്ള യുവതാരങ്ങളാണ്.
Sports
അന്റാലിയ: ഫിഫ 2026 ലോകകപ്പിനായുള്ള മുന്നൊരുക്കം ഇറാന് ടീം ജയത്തോടെ ആരംഭിച്ചു.
അമേരിക്കന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം ആശങ്കയിലായിരുന്നു. എന്നാല്‍, ലോകകപ്പിനു മുന്നോടിയായി നടന്ന സൗഹൃദമത്സരത്തില്‍ ഇറാന് 3-1ന് ഗാംബിയയെ തോല്‍പ്പിച്ചു. തുര്‍ക്കിയിലെ അന്റാലിയയിലായിരുന്നു മത്സരം.
ലോകകപ്പിനു മുന്നോടിയായുള്ള ഇറാന്റെ പരിശീലനം തുര്‍ക്കിയിലാണ് നടക്കുന്നത്. തുടര്‍ന്ന് ലോകകപ്പില്‍ ടീം ബേസ് ക്യാമ്പ് മെക്സിക്കോയില്‍ ആയിരിക്കുമെന്നാണ് സൂചന.
ലോകകപ്പ് ഗ്രൂപ്പ് ജിയിൽ ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് ടീമുകൾക്കൊപ്പമാണ് ഇറാൻ.
Sports
ലിസ്ബണ്‍: ഫിഫ 2030 ലോകകപ്പ് ഫുട്ബോളിലും കളിക്കാന്‍ പ്രാപ്തനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് പോര്‍ച്ചുഗല്‍ ദേശീയ ടീം മുഖ്യപരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്.
2026 ലോകകപ്പില്‍ കളിക്കുന്നതോടെ, ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിക്കുന്ന (ആറ്) താരമെന്ന റിക്കാര്‍ഡ് ക്രിസ്റ്റ്യാനോയ്ക്കു ലഭിക്കും.
വിരമിച്ചില്ലെങ്കില്‍ 2030 ലോകകപ്പിലും റൊണാള്‍ഡോയെ തഴയാന്‍ ആരും തയാറാകില്ലെന്നായിരുന്നു മാര്‍ട്ടിനെസിന്റെ വാക്കുകള്‍.
റൊണാള്‍ഡോയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരം (226), ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോള്‍ (143) എന്നീ റിക്കാര്‍ഡുകള്‍.
Sports
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയില്ലെങ്കിലും മലയാളിയുണ്ട്. അതാകട്ടെ, മലയാളികള്‍ ഏറെയുള്ള ഖത്തറിന്റെ ദേശീയ ടീമില്‍. 2026 ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ 28 അംഗ ടീമില്‍ ഇടംനേടിയ കണ്ണൂര്‍ സ്വദേശിയായ തഹ്സിന് മുഹമ്മദ് ജംഷിദാണ് കളത്തിലെ സാന്നിധ്യം.
ദേശീയ ജഴ്സില് ഒരു മത്സരം ഈ മിഡ്ഫീല്‍ഡര്‍ കളിച്ചു. ഖത്തര്‍ ദേശീയ ടീമില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് 19കാരനായ തഹ്സിന്. മാത്രമല്ല, ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജന്, ഖത്തറിലെ ആസ്പിയര്‍ ഫുട്ബോള്‍ അക്കാദമിയില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജന് തുടങ്ങിയ നേട്ടങ്ങളും ഈ കൗമാരക്കാരനു സ്വന്തം.
കണ്ണൂര്‍ സ്വദേശികളുടെ മകന്
തലശേരി സ്വദേശിയായ ജംഷിദിന്റെയും വളപട്ടണത്തുകാരിയായ ഷൈമയുടെയും മകനാണ് തഹ്സിന് മുഹമ്മദ്. ജംഷിദ് ഖത്തറില്‍ ചീഫ് അക്കൗണ്ടന്റാണ്. തഹ്സിന് ജനിച്ചതും വളര്‍ന്നതും ഖത്തറില്‍. ആസ്പിയര്‍ ഫുട്ബോള്‍ അക്കാദമിയിലൂടെയായിരുന്നു തഹ്സിന്റെ വളര്‍ച്ച. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിനുവേണ്ടി കളിച്ചാണ് പ്രഫഷണല്‍ കരിയര്‍ ആരംഭിച്ചത്.
ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകള്‍ക്ക് വേണ്ടിയും തഹ്സിന് ബൂട്ട് കെട്ടിയിട്ടുണ്ട്. ലെഫ്റ്റ് വിംഗറായ തഹ്സിന്റെ ഡ്രിബ്ലിംഗ് മികവ് ശ്രദ്ധേയം. ഖത്തറിന്റെ 26 അംഗ ടീമിലും ഇടംനേടിയാല്‍ ലോകകപ്പ് വേദിയിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം തഹ്സിനു സ്വന്തമാകും.
മൂന്നു പതിറ്റാണ്ടായി അസീസ്
കര്‍ട്ടനു പിന്നില്‍ മറ്റൊരു മലയാളിയും ഖത്തര്‍ ടീമിനു കരുത്തായുണ്ട്. ടീമിന്റെ മാനേജിംഗ് സൂപ്പര്‍വൈസര്‍/കോ ഓഡിനേറ്ററായ അസീസ് പൊന്തടത്തിലാണ് മറ്റൊരു മലയാളി സാന്നിധ്യം. അസീസ് കോഴിക്കോട് ബദരൂര് സ്വദേശിയാണ്. 1992 മുതല്‍ ഖത്തര്‍ ടീമിനൊപ്പമുള്ളതാണ് അസീസ്. 34 വര്‍ഷമായി ടീമിന്റെ നിഴലായി ഒപ്പം. 1988ലായിരുന്നു അസീസ് ഖത്തറില്‍ എത്തിയത്. ഭാര്യ റോസിന. മക്കള്‍ അജനാസ്, മിന്‍ഹാജ് അസീസ്, ഖദീജ അബ്റാര്‍.
Sports
റബാത്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള മൊറോക്കന്‍ ടീമിനെ പ്രതിരോധതാരം അച്റഫ് ഹക്കിമി നയിക്കും.
യൂസഫ് എന്‍ നെസിരി, ഹക്കിം സിയെച്ച് എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. അതേസമയം, ഫ്രഞ്ച് ക്ലബ് ലില്ലയുടെ മിഡ്ഫീല്‍ഡറായ അയൂബ് ബൗഡിയെ 26 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. 18കാരനായ ബൗഡി ഫ്രാന്‍സിലാണ് ജനിച്ചു വളര്‍ന്നത്. മൊറോക്കോയ്ക്കായി കളിക്കാനുള്ള ഫിഫ അനുമതി മേയിലാണ് ബൗഡിക്കു ലഭിച്ചത്.
ഹക്കീമിയുടെ മൂന്നാം ഫിഫ ലോകകപ്പാണ്. ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, ഹയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് മൊറോക്കോ.
Sports
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള അമേരിക്കയുടെ 26 അംഗ അന്തിമ സംഘത്തെ മുഖ്യപരിശീലകന്‍ മൗറീഷ്യോ പോചെറ്റീനോ പ്രഖ്യാപിച്ചു.
ഫോര്‍വേഡ് ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് ടീമിന്റെ നായകന്. ഇംഗ്ലീഷ് ക്ലബ് ബേണ്‍മത്തിന്റെ മിഡ്ഫീല്‍ഡര്‍ ടെയ്ലര് ആദംസ്, യുവന്റസ് മിഡ്ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്കെന്നി തുടങ്ങിയവര്‍ ലോകകപ്പിനുള്ള സംഘത്തില്‍ ഇടംനേടി.
ഗ്രൂപ്പ് ഡിയില്‍ പരാഗ്വെ, ഓസ്ട്രേലിയ, തുര്‍ക്കി ടീമുകള്‍ക്കൊപ്പമാണ് അമേരിക്ക. ജൂണ്‍ 13ന് പരാഗ്വെയ്ക്ക് എതിരേയാണ് ആദ്യ മത്സരം. ജൂണ്‍ ആദ്യവാരം സെനഗല്‍, ജര്‍മനി ടീമുകള്‍ക്ക് എതിരേ സൗഹൃദ മത്സരങ്ങളുണ്ട്.
Sports
ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പിനുള്ള നെതര്‍ലന്‍ഡ്സിന്റെ 26 അംഗ അന്തിമ സംഘത്തെ കോച്ച് റൊണാള്‍ഡോ കൂമന് പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലുള്ള മത്യാസ് ഡി ലൈറ്റിനെ ഒഴിവാക്കി.
ലിവര്‍പൂള്‍ സെന്റര്‍ ബാക്കായ വിര്‍ജില്‍ വാന്‍ ഡിക്കാണ് ക്യാപ്റ്റന്‍. പരിക്കേറ്റ സാവി സിമോണ്‍സും ടീമില്‍ ഇല്ല. ബ്രസീലിലെ കോറിന്ത്യന്‍സ് ക്ലബ് താരമായ മെംഫിസ് ഡീപ്പെ നാലാം ലോകകപ്പ് കളിക്കും.
ഗ്രൂപ്പ് എഫില്‍ ജപ്പാന്, സ്വീഡന്, ടുണീഷ്യ ടീമുകള്‍ക്കൊപ്പമാണ് നെതര്‍ലന്‍ഡ്സ്.
Sports
ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കു പരിക്കേറ്റതായി സ്ഥിരീകരണം.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ ലയണല്‍ മെസി, ഫിലാഡല്‍ഫിയ യൂണിയന് എതിരായ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂഷന് ആവശ്യപ്പെട്ട് പുറത്തുപോയിരുന്നു. തുടയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസി കളം വിട്ടത്. ഗൗരവമുള്ള പരിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.
എന്നാല്‍, ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ മെസിക്കു പരിക്കേറ്റതായുള്ള സൂചനയുണ്ട്. മാത്രമല്ല, പരിശീലനത്തിലേക്കു താരം എന്നു തിരിച്ചുവരുമെന്നത് ആരോഗ്യസ്ഥിതി അനുസരിച്ചു മാത്രമേ പറയാന്‍ സാധിക്കൂ എന്നും ഇന്റര്‍ മയാമി പ്രസ്താവിച്ചു. ഇതോടെ, 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ ലയണല്‍ മെസിയുടെ അഭാവത്തിലാകുമോ 2026 ലോകകപ്പ് മാമാങ്കം എന്ന ആശങ്ക ഉയര്‍ന്നു.
“മസില് പിടുത്തം മൂലമുണ്ടായ പ്രശ്നമാണ് മെസിക്കുള്ളതെന്നാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. പരിശീലനത്തിലേക്ക് എന്നു മടങ്ങിവരാമെന്നത് എത്രവേഗം സുഖംപ്രാപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും'- ഇന്റര്‍ മയാമി പ്രസ്താവിച്ചു.
Sports
ടിജുവാന: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനായി ഇറാന് ടീമിനെ മെക്സിക്കോയിലേക്കു സ്വാഗതം ചെയ്ത് പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം.
യുദ്ധത്തിന്റെ പശ്ചത്തലത്തില്‍, അമേരിക്കയില്‍ കളിക്കാന്‍ ഇറാന് ഫുട്ബോള്‍ അധികൃതര്‍ ആദ്യം തയാറായിരുന്നില്ല. എന്നാല്‍, വേദി മാറ്റാന്‍ ഫിഫ തയാറാകാതിരുന്നതോടെ ടീം ക്യാമ്പ് മെക്സിക്കോയിലേക്കു മാറ്റിയതായി ഇറാന് ഫുട്ബോള്‍ പ്രസിഡന്റ് മെഹ്ദി താജ് അറിയിച്ചു.
“അമേരിക്കയ്ക്ക് അവരുടെ മണ്ണില്‍ ഇറാന് ടീം എത്തുന്നതിനോടു താത്പര്യമില്ല. അതുകൊണ്ട് മെക്സിക്കോയോട് അന്വേഷിച്ചു. സ്വാഗതമെന്ന് ഞങ്ങള്‍ അറിയിച്ചു” - ക്ലോഡിയ പറഞ്ഞു.
Sports
ടൊറൊന്റൊ: പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലുള്ള അല്‍ഫോന്‍സോ ഡേവീസിനെ ഉള്‍പ്പെടുത്തി ഫിഫ 2026 ലോകകപ്പിനുള്ള 32 അംഗ കനേഡിയന്‍ ടീമിനെ ജെസി മാര്‍ഷ് പ്രഖ്യാപിച്ചു.
കാലിന്റെ പരിക്കിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ ഐസ്ലന്‍ഡിനും ടുണീഷ്യക്കും എതിരായ സൗഹൃദ മത്സരങ്ങളില്‍ ഡേവീസ് കളിച്ചിരുന്നില്ല.
ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍, ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന ടീമുകള്‍ക്കൊപ്പമാണ് കാനഡ. ജൂണ്‍ 13ന് ബോസ്നിയയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യ മത്സരം.
Sports
ടെഹ്റാൻ: ഫുട്ബോള്‍ ലോകകപ്പിനുള്ള ഇറാന് ടീമിന്റെ പരിശീലന ക്യാമ്പ് യുഎസിലെ അരിസോണയില്‍ നിന്ന് മാറ്റി. മെക്സിക്കന്‍ അതിര്‍ത്തി നഗരമായ ടിജുവാനയിലായിരിക്കും ടീം പരിശീലിക്കുകയെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് മേധാവി മെഹ്ദി താജ് വ്യക്തമാക്കി.
ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ വീസയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്യാമ്പ് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇറാന് വിമാനങ്ങള്‍ക്ക് യുഎസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
എന്നാല്‍ ഇറാന് എയറില്‍ മെക്സിക്കോയിലേക്ക് പ്രശ്നങ്ങളില്ലാതെ പറക്കാന്‍ സ്ക്വാഡിന് കഴിയുമെന്നും താജ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15 ന് ന്യൂസിലന്‍ഡിനെതിരെയും 21 ന് ബെല്‍ജിയത്തിനെതിരെയും 26 ന് ഈജിപ്തിനെതിരെയുമാണ് ഗ്രൂപ്പ് ജിയിൽ ഇറാന്റെ മത്സരങ്ങള്‍. രണ്ടു മത്സരങ്ങള്‍ ലോസ് ഏഞ്ചല്‍സിലാണ്.
ഈ വേദികള്‍ തമ്മിലുള്ള ആകാശദൂരം ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്ന ടിജുവാനയില്‍ നിന്നും 55 മിനിറ്റ് മാത്രമാണ്. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഫിഫയില്‍ ഇറാന് തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു.